ഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന പ്രതിിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെയ്ക്കും രജിസ്റ്റർ ചെയ്തത് 20 എഫ്ഐആറുകള്‍.
പൊലീസിനെ മർദിക്കുക, കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുവതീ യുവാക്കളെ മർദിച്ച ഹിന്ദു രക്ഷാ ദള്‍ പ്രവർത്തകർക്കെതിരായ കേസും ഇതില്‍ ഉള്‍പ്പെടും.
രമണ്‍ സൈനി (50), വിവേകാനന്ദ് എന്ന വിവേക് (32), കപില്‍ കുമാര്‍ (27), രവീന്ദര്‍ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശികളാണ് ഇവര്‍. പ്രതിഷേധത്തിനിടെ നാല് പേര് ഒരു പുരുഷ പ്രതിഷേധകനെ മര്‍ദിക്കുന്നതും, സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുന്നതും റോഡിലേക്ക് തള്ളിയിട്ട് മുഖം നിലത്ത് ചേര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തുടര്‍ന്ന് മറ്റ് പ്രതിഷേധക്കാര്‍ ഇടപെട്ടതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടയുന്നത്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.ഇന്നലെ ഡല്‍ഹിയില്‍ രാജ്യത്തെ യുവത സമാധാനപരമായി പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടന ഉയര്‍ത്തിപിടിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.






