കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ കാർ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ സുഹൃത്തും പിടിയില്‍.
ആലപ്പുഴ സ്വദേശി നീരവിനെയാണ് ഞായറാഴ്ച രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്നത് നീരവായിരുന്നു.
അതിനിടെ, നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തെക്കുംതറയിലെ കുടുംബവീട്ടില്‍ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും.
സുഹൈല്‍ സജീവ്(19) അമിതവേഗത്തില്‍ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറില്‍ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില്‍ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലായിരുന്നു അപകടം.
അപകടസ്ഥലത്ത് ഓടിക്കൂടിയവരോട് തട്ടിക്കയറിയ മിനികൂപ്പര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അമിത വേഗം പതിവാക്കിയ പ്രതി 215 കിലോമീറ്റര്‍ വേഗതിയില്‍ കാറോടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്റെയും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമ നൂഹ സജീവിന്റെയും മകനാണ് സുഹൈല്‍ സജീവ്. കൊച്ചിയിലെ സ്വകാര്യകോളേജില്‍ ബികോം വിദ്യാർഥിയാണ്.
പുറത്തേക്കിറങ്ങാൻ പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഡോർ വലിച്ചുതുറക്കാൻ ശ്രമിച്ച നാട്ടുകാരോട് ഡോറിന്റെ സെൻസർ കേടാകുമെന്ന് പറഞ്ഞ് പ്രതി തർക്കിച്ചു. ഇതിനുപിന്നാലെയാണ് കേസും കാര്യവുമെല്ലാം തന്റെ വാപ്പ നോക്കിക്കോളുമെന്ന് ആക്രോശിച്ചത്. സംഭവത്തില്‍ സുഹൈലിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതിനിടെ, സുഹൈല്‍ സജീവിന് മദ്യം നല്കിയ ബാറുകള്‍ക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നല്കി. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് നടപടി. സുഹൈല്‍ സജീവിന് മദ്യം നല്കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരിക്കുന്നത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകള്‍ക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നല്‍കിയിരിക്കുന്നത്.
അപകടത്തിന് മുൻപ് സുഹൈല്‍ സജീവ് മൂന്ന് ബാറുകളില്‍നിന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ മൂന്ന് ബാറുകളില്നിന്നാണ് പ്രതി മദ്യപിച്ചിരുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളില്‍നിന്ന് മദ്യപിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്. എല്ലാ ബാറുകളില്‍നിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.






