ഉറക്കത്തിലെ കൂർക്കംവലിയുടെ പേരിൽ പരിഹാസപാത്രങ്ങളാകേണ്ടി വരുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ കൂർക്കം വലി കാരണം മറ്റുള്ളവരുടെ ഉറക്കവും നഷ്ടപ്പെട്ടേക്കാം. നേരിയതോ വല്ലപ്പോഴുമുള്ളതോ ആയ കൂർക്കംവലി ആശങ്കയ്ക്ക് വഴിവെക്കുന്നില്ല. ശിശുക്കളിൽ ഉൾപ്പെടെ ഇത് കാണാറുമുണ്ട്. അതേസമയം, ശ്വാസതടസ്സത്തോടെയുള്ള കൂർക്കംവലി ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ പോലുള്ള ഗുരുതര ഉറക്ക ഉറക്ക തകരാറുകളുടെ ലക്ഷണമാകാം. ശ്വാസനാളത്തിൽ വായുവിന്റെ സഞ്ചാരത്തിനുണ്ടാകുന്ന ഭാഗികമായ തടസ്സമാണ് കൂർക്കം വലിക്ക് കാരണമാകുന്നത്.
എന്താണ് സ്ലീപ്പ് അപ്നിയ?
ഉറക്കത്തിൽ ശ്വാസോച്ഛ്വാസം ആവർത്തിച്ചു നിലയ്ക്കാനും തുടരാനും ഇടയാക്കുന്ന ഒരു ഗുരുതരമായ ഉറക്ക തകരാറാണ് സ്ലീപ്പ് അപ്നിയ. അമിതമായ കൂർക്കംവലി, പകൽ സമയത്തെ ഉറക്കം, ഉറക്കത്തിനിടെ ശ്വാസം കിട്ടാതെ ഞെട്ടിയുണരൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. പ്രധാനമായും ഇത് രണ്ട് തരത്തിലുണ്ട്.
* ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (OSA): തൊണ്ടയിലെ പേശികൾ അയഞ്ഞു ശ്വാസതടസ്സവും ഉണ്ടാകുന്ന രീതി.
* സെൻട്രൽ സ്ലീപ്പ് അപ്നിയ: ശ്വസിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ മസ്തിഷ്കത്തിന് നൽകാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്നത്
സ്ലീപ് അപ്നിയ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയൽ, പകൽ സമയത്ത് അമിതമായ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഹൃദയമിടിപ്പിന്റെ താളത്തിലുള്ള വ്യതിയാനം, സ്ട്രോക്ക് എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാകാം.
സ്ലീപ് അപ്നിയ സാധ്യതകൾ വർധിക്കുന്നത് എപ്പോൾ?
* പ്രായം കൂടുന്നതിനനുസരിച്ച് പേശികളുടെ ശക്തി കുറയുകയും ശ്വാസനാളം ഇടുങ്ങുകയും ചെയ്യുന്നത് കൂർക്കംവലി വർധിപ്പിക്കാം.
* അലർജി, ജലദോഷം തുടങ്ങിയവ മൂലമുള്ള മൂക്കടപ്പ് ശ്വാസപ്രവാഹത്തെ തടസ്സപ്പെടുത്താം.
* അമിതവണ്ണം, തൈറോയ്ഡ് പ്രശ്നങ്ങൾ.
* അമിത മദ്യപാനം.
* ഉറക്കഗുളികളുടെ നിത്യവും അമിതവുമായുള്ള ഉപയോഗം.
* മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ തടസ്സങ്ങൾ.
* ടോൺസിൽ, അഡിനോയ്ഡ് ഗ്രന്ഥികളുടെ വലുപ്പകൂടുതൽ.
സ്ലീപ് അപ്നിയ രോഗനിർണയത്തിന് സ്ലീപ് സ്റ്റഡി
സ്ലീപ് സ്റ്റഡി അഥവാ പോളിസോംനോഗ്രഫി പരിശോധനയിലൂടെ സ്ലീപ് അപ്നിയ രോഗനിർണയം സാധ്യമാകും. ഉറങ്ങുന്ന സമയത്തെ ശ്വസന സംബന്ധമായ വ്യതിയാനങ്ങൾ നിശ്ചിത ഇലക്ട്രോഡ് മുഖേന അളക്കുന്ന പരിശോധനയാണ് സ്ലീപ് സ്റ്റഡി.
തീർത്തും സുരക്ഷിതവും വേദനാരഹിതവുമായ പരിശോധനയാണ് സ്ലീപ് സ്റ്റഡി. ഇത് രണ്ട് തരത്തിലുണ്ട്.
* സ്ലീപ് സ്റ്റഡി ലെവൽ 1: ആശുപത്രിയിലെ നിശ്ചിത സ്ലീപ് ലാബിൽ നടത്തുന്നത്.
* സ്ലീപ് സ്റ്റഡി ലെവൽ 3: ഹോം സ്ലീപ് സ്റ്റഡി എന്നും ഇത് അറിയപ്പെടുന്നു. പ്രസ്തുത ഉപകരണം വീടുകളിൽ തന്നെ കൊണ്ടുവന്ന് ചെയ്യുന്ന രീതിയാണിത്.
സ്ലീപ്പ് അപ്നിയയ്ക്കുള്ള ചികിത്സ
സ്ലീപ്പ് അപ്നിയ കണ്ടെത്തിയാൽ ജീവിതശൈലി മാറ്റങ്ങൾ, ഉറങ്ങുന്ന രീതിയിലെ മാറ്റങ്ങൾ തീർച്ചയായും പരിശീലിക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഓറൽ അപ്ലയൻസുകൾ, ശസ്ത്രക്രിയ എന്നിവ പരിഗണിക്കാം. ഇന്ന് ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ ചികിത്സ CPAP തെറാപ്പിയാണ്. ഗുരുതരമായ സ്ലീപ് അപ്നിയയ്ക്ക് CPAP ആണ് ഉത്തമം.
അധികമുള്ള കോശങ്ങൾ നീക്കം ചെയ്യുകയോ ചുരുക്കുകയോ ചെയ്യുന്നതിനും ശ്വാസനാളത്തിലെ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് ശസ്ത്രക്രിയ നിർദേശിക്കപ്പെടാറുള്ളത്.
കൂർക്കംവലിയും സ്ലീപ്പ് അപ്നിയയും തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. വിദഗ്ധ ചികിത്സക്ക് കൊച്ചി വി.പി.എസ് ലേക്ഷോറിലെ പൾമണോളജി വിഭാഗത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 99616 40000.






