കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ടാക്സികള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി.
ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മധ്യമേഖല (2) ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സജി പ്രസാദിന്റെ നേതൃത്വത്തിലാണ് ഡ്രൈവ് സംഘടിപ്പിച്ചത്.
വിമാനത്താവളത്തില്‍ അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.
എറണാകുളം ആർ.ടി.ഒ യുടെ (എൻഫോഴ്സ്മെന്റ്) നേതൃത്വത്തില്‍ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാലടി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് നാല് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
വിമാനത്താവളത്തിലേക്കും തിരിച്ചു പെർമിറ്റില്ലാതെ അനധികൃതമായി വാടക സർവീസ് നടത്തുന്ന വാഹനങ്ങളെയും മറ്റ് ഗതാഗത നിയമലംഘനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
അനധികൃത ടാക്സി സർവീസ്, വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങള്‍, നികുതി അടയ്ക്കാതെയുള്ള സർവീസ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍, രജിസ്ട്രേഷൻ ലംഘനങ്ങള്‍, സൈഡ് നമ്പർ പ്രദർശിപ്പിക്കാതിരിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഉള്‍പ്പെടെ ആകെ 68 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇതില്‍ നിരവധി അനധികൃത ടാക്സി വാഹനങ്ങള്‍ക്കെതിരെ പ്രത്യേകമായി ചലാൻ തയ്യാറാക്കി നിയമനടപടികള്‍ സ്വീകരിക്കുകയും ആകെ 1,47,000 രൂപ കോമ്പൗണ്ടിംഗ് ഫീസായി ഈടാക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള അനധികൃത സർവീസുകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ അപകടമുണ്ടായാല്‍ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയോ മറ്റ് നിയമപരമായ സംരക്ഷണങ്ങളോ ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട അനധികൃത ടാക്സി പ്രവർത്തനങ്ങള്‍ പൂർണമായും തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി നിയമാനുസൃത പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക പരിശോധനകള്‍ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) ബിജു ഐസക് അറിയിച്ചു.






