ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങള്‍, ഹോർമോണ്‍ നിയന്ത്രണം എന്നിവ മുതല്‍ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും വരെയുള്ള മിക്കവാറും എല്ലാ പ്രക്രിയകളിലും പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു.
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങള്‍, ഹോർമോണ്‍ നിയന്ത്രണം എന്നിവ മുതല്‍ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും വരെയുള്ള മിക്കവാറും എല്ലാ പ്രക്രിയകളിലും പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പലരും-പ്രത്യേകിച്ച് സ്ത്രീകളും പ്രായമായവരും-ദിവസവും ആവശ്യമായ അളവില്‍ പ്രോട്ടീൻ കഴിക്കുന്നില്ലെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരത്തില്‍ പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍.
മതിയായ ഉറക്കം ലഭിച്ചിട്ടും അമിതമായ ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറവായതാകാം അതിനൊരു കാരണം. പ്രോട്ടീൻ ലഭ്യമല്ലെങ്കില്‍, ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ ശരീരത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരികയും, അതുമൂലം മന്ദതയോ കടുത്ത ക്ഷീണമോ അനുഭവപ്പെടുകയും ചെയ്തേക്കാം.
മധുരപലഹാരങ്ങള്‍ക്കോ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകള്ക്കോ വേണ്ടിയുള്ള അമിത താല്പര്യം ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെന്നതിന്റെ സൂചനയായിരിക്കാം. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെയും നോക്കുന്നു.
ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറയുമ്പോള്‍ അമിതമായ മുടികൊഴിച്ചില്‍, നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകല്‍ എന്നിവ ഉണ്ടാകാം. പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തില്‍ ചുവപ്പ്, പൊട്ടുന്ന നഖങ്ങള്‍, നേർത്ത മുടി, എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല. മധുരം അധികം കഴിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറയുന്നത് മൂലം ചിന്തകളിലെ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവ ഉണ്ടാകാം. കാരണം, മാനസികാവസ്ഥ, പ്രചോദനം, ജാഗ്രത എന്നിവ നിയന്ത്രിക്കുന്ന ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ രാസസന്ദേശവാഹകരെ (ന്യൂറോട്രാൻസ്മിറ്ററുകള്‍) ഉല്‍പ്പാദിപ്പിക്കാൻ തലച്ചോറിന് അമിനോ ആസിഡുകള്‍ ആവശ്യമാണ്.
എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം. നന്നായി ഭക്ഷണം കഴിച്ചതിന് ശേഷവും അമിത വിശപ്പ് അനുഭവപ്പെട്ടാല്‍ ഒരിക്കലും അവഗണിക്കരുത്. കുറഞ്ഞ പ്രോട്ടീൻ ഉപഭോഗമാകാം കാരണം. പ്രോട്ടീൻ അമിത വിശപ്പ് തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു.






