കൊല്ലം : കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ച ശേഷമാകും സംഭവത്തിൽ ആഭ്യന്തര മന്ത്രി തുടർന് നടപടികൾ സ്വീകരിക്കുക. സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വാദം. എന്നാൽ ഈ വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. സഹോദരനെ കാണാനില്ലെന്ന ഈ പെൺകുട്ടിയുടെ പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് 17ന് പൊലീസ് വിട്ടയച്ച സിയാദ്, ജൂലൈ 25നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മരണ കാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു.






