കടുത്തുരുത്തി: റോഡരികിൽ നില്ക്കുകയായിരുന്ന രണ്ട് യുവാക്കളെ ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു.
വെച്ചൂർ അംബികാമാർക്കറ്റ് ഒറ്റക്കാട്ടിൽ ഷൈജു (42), സുഹൃത്ത് കുടവെച്ചൂർ അഖിൽ നിവാസിൽ അഖിൽ (37) എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞദിവസം രാത്രി വേരുവള്ളിക്ക് സമീപം മോസ്കോ കവലയിലാണ് സംഭവം. സംഭവത്തിൽ ഉൾപ്പെട്ട മൂന്നംഗ സംഘത്തിലുള്ളവരിൽ വെച്ചൂർ വേരുവള്ളി പായക്കാട്ടിൽ ആരോമൽ (26), വേരുവള്ളി പ്രസാദ്ഭവനിൽ പ്രസാദ് (37) എന്നിവർ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
മൂന്നാമത്തെയാളായ വെച്ചൂർ ഒറശേരിൽ അർജുൻ (26) നെ ഇയാൾ ഒളിച്ചു കഴിയുന്നതിനിടെ തലയാഴം ഭാഗത്തുനിന്ന് പോലീസ് പിടികൂടി.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് - ചൂണ്ടയിട്ടശേഷം റോഡരികിൽ നിൽക്കുകയായിരുന്ന ഷൈജുവിനെയും അഖിലിനെയും ബൈക്കിലെത്തിയ അർജുന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ചോദ്യം ചെയ്തു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. ഇതിനിടെ മൂന്നംഗ സംഘം കൈയിലുണ്ടായിരുന്ന വടിവാളിന് ഷൈജുവിനെയും അഖിലിനെയും വെട്ടുകയായിരുന്നു. വെട്ടേറ്റ ഇവർ ഇവിടെനിന്ന് സ്വന്തം വാഹനത്തിൽ കയറി പോയശേഷം ഓട്ടോറിക്ഷയിലാണ് പിന്നീട് ആശുപത്രിയിലേക്ക് പോയത്.






