തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു.
1000 രൂപ ഓണം അലവൻസ് നല്‍കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉല്‍സവ ബത്ത അനുവദിക്കുന്നത്.
സ്ഥിരം ജീവനക്കാർക്കും താല്‍ക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉല്‍സവ ബത്ത നല്‍കാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോർപറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്ക് അലവൻസിന് തുക നല്‍കുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നല്‍കാനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നല്‍കുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ നല്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.






