കൊച്ചി: കെഎസ്ആർടിസിയുടെ വിനോദയാത്രക്കിടെ പരിക്കേറ്റ യാത്രക്കാരന് നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്.
കെഎസ്ആർടിസി 45,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇടപ്പള്ളി സ്വദേശിനി ചന്ദ്രികാ മോഹൻദാസ് നല്കിയ പരാതിയിലാണ് ഉത്തരവ്. ചന്ദ്രികയുടെ ഭർത്താവിനാണ് വിനോദയാത്രക്കിടെ പരിക്കേറ്റത്.
2023 ഒക്ടോബർ ഏഴിനായിരുന്നു സംഭവം നടന്നത്. ഇടപ്പള്ളി വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലക്കപ്പാറ വിനോദയാത്രയില്‍ പരാതിക്കാരിയും കുടുംബവും കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്.
യാത്രക്കിടെ, അങ്കമാലിയില്‍ നിന്ന് മറ്റ് യാത്രക്കാർ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് ചന്ദ്രികയുടെ 73കാരനായ ഭർത്താവിനോട് മാറിയിരിക്കാൻ കെഎസ്ആർടിസി ജീവനക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് മാറിയിരിക്കുന്നതിനിടെ ബസ് ബ്രേക്കിട്ടതോടെ വയോധികൻ താഴെ വീഴുകയും ഇടത് കൈത്തണ്ടയിലെ എല്ലിന് പൊട്ടലുണ്ടാവുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വയോധികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്കായി അൻപതിനായിരത്തിലധികം രൂപ ചെലവാകുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
അപകടത്തിന് പിന്നാലെ വൈദ്യസഹായം ലഭ്യമാക്കുന്നതില്‍ കെഎസ്ആർടിസി ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കോടതി ഉത്തരവ്.






