പന്തളം: എറണാകുളത്ത് നിന്ന് ഹരിപ്പാട്ടേക്ക് യാത്രചെയ്ത ഒന്നാംവർഷ ബികോം വിദ്യാർത്ഥിനിയെ രാത്രിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആലപ്പുഴയില്‍ ഇറക്കിവിട്ടതായി പരാതി.
ശനിയാഴ്ച വൈകിട്ട് 8.30 ഓടെയായിരുന്നു സംഭവം. പന്തളം സ്വദേശിയായ വിദ്യാർത്ഥിനി ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്കി.
ബസ് ആലപ്പുഴ ഡിപ്പോയിലെത്തിയപ്പോള്‍ സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും തുടർയാത്ര സാദ്ധ്യമല്ലെന്നും ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ഇറക്കിവിട്ട് ജീവനക്കാർ മടങ്ങിയതായാണ് പരാതി.
രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്ക് ലക്ഷ്യസ്ഥാനമായ ഹരിപ്പാട്ടേക്ക് എത്തുന്നതിനുള്ള ബദല്‍ യാത്രാസൗകര്യം ഒരുക്കിക്കൊടുക്കാൻ ജീവനക്കാർ തയ്യാറായില്ലെന്നും പരാതിയിലുണ്ട്.
ഏകദേശം രണ്ടു മണിക്കൂറോളം ആലപ്പുഴ ബസ് സ്റ്റാൻഡില്‍ കാത്തുനിന്ന പെണ്‍കുട്ടിയെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും സ്വീകരിക്കാൻ തയ്യാറായില്ലായെന്നും ആക്ഷേപമുണ്ട്.
അടുത്തദിവസം രാവിലെ 10 മണിക്ക് എത്തി പരാതി നല്‍കണമെന്നായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. വനിതാ ശിശുക്ഷേമ വകുപ്പിനും യുവജന വകുപ്പിനും ഗതാഗത വകുപ്പിനും വിദ്യാർത്ഥിനിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ബസ് ബ്രേക്ക് ഡൗണായതിനാല്‍ സർവീസ് അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ആലപ്പുഴ ഡിപ്പോ അധികൃതരുടെ വിശദീകരണം.






