തിരുവനന്തപുരം: കെഎസ്ആർടിസി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു. ഉപഭോക്താക്കളുടെ വീടുകളില് നിന്നടക്കം പാഴ്സലുകള് ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
കൗണ്ടറുകള് വീടുകളില് വിതരണം ചെയ്യുകയും ചെയ്യും. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങള് കൂടുതല് ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്. ഡോർ ടു ഡോർ സേവനം കൂടുതല് വിപുലീകരിക്കുന്നതിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളില് നിന്ന് താല്പര്യപത്രം ക്ഷണിച്ചു.
ഉപഭോക്താക്കളുടെ വീടുകളില് നിന്ന് പാഴ്സലുകള് ശേഖരിച്ച് കെഎസ്ആർടിസി കൗണ്ടറുകളില് എത്തിക്കുന്നതിനും കൗണ്ടറുകളില് എത്തുന്ന പാഴ്സലുകള് വീടുകളില് വിതരണം ചെയ്യുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
ആർക്കാണ് അപേക്ഷിക്കാൻ സാധിക്കുക?
ഡോർ ടു ഡോർ കൊറിയർ സേവനം തടസ്സമില്ലാതെ നടത്താൻ ആവശ്യമായ ജീവനക്കാർ, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങള്, സാമ്പത്തിക - സംഘടനാ ശേഷി എന്നിവയുള്ളതും നിയമപരമായി രജിസ്റ്റർ ചെയ്തതുമായ സഹകരണ സംഘങ്ങള്ക്കാണ് അപേക്ഷിക്കാൻ സാധിക്കുക. കെഎസ്ആർടിസി നിശ്ചയിക്കുന്ന മേഖലകളില് സേവനം നല്കുന്നതിനായി അർഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തെരഞ്ഞെടുക്കുക. താല്പര്യപത്രത്തോടൊപ്പം സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങള്, പ്രവർത്തനമേഖല, അടിസ്ഥാന സൗകര്യങ്ങള് തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും നിർബന്ധമായും സമർപ്പിക്കണം.
അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി
താല്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണിയാണ്. കെഎസ്ആർടിസി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തില് നേരിട്ടോ estate@kerala.gov.in എന്ന ഇ-മെയില് വഴിയോ അപേക്ഷ നല്കാവുന്നതാണ്. നേരിട്ട് സമർപ്പിക്കേണ്ട വിലാസം: ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവൻ, ഫോർട്ട് പിഒ, തിരുവനന്തപുരം - 695023. കൂടുതല് വിവരങ്ങള്ക്ക് 0471-2471011 (എക്സ്റ്റൻഷൻ 232), 9495903813 എന്നീ നമ്പറുകളില് ബന്ധപ്പെടാം.






