രഞ്ജി ട്രോഫി 2026-27 ക്രിക്കറ്റ് ടൂർണമെന്റില് ജാർഖണ്ഡിനോട് സമനില നേരിട്ട് കേരളം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 587 എന്ന വമ്പൻ സ്കോറാണ് ഒന്നാം ഇന്നിങ്സില് നേടിയത്.
മറുപടിക്കിറങ്ങിയ കേരളം 395 റണ്സാണ് നേടിയത്. 192 റണ്സ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ജാർഖണ്ഡ് കേരളത്തിലെ ഫോളോ ഓണിന് രക്ഷിച്ചു. കേരളം രണ്ട് വിക്കറ്റിന് 62 റണ്സെന്ന നിലയില് നില്ക്കവെ മത്സരം സമനിലയില് അവസാനിക്കുകയായിരുന്നു.
ആറ് വിക്കറ്റിന് 269 റണ്സ് എന്ന നിലയില് അവസാന ദിവസം കളി പുനരാരംഭിച്ച കേരളത്തിന് സല്മാൻ നിസാറും ആദിത്യ സർവാടെയും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഏഴാം വിക്കറ്റില് 104 റണ്സ് കൂട്ടിച്ചേർത്തു. എന്നാല് സ്കോർ 353ല് നില്ക്കെ സല്മാൻ നിസാറിന്റെ വിക്കറ്റ് വീഴ്ത്തി മനീഷ് സിങ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. 43 റണ്സാണ് സല്മാൻ നേടിയത്.
തുടന്നെത്തിയവർക്ക് ക്രീസില് അധികനേരം പിടിച്ചുനില്ക്കാനായില്ല. ഏദൻ ആപ്പിള് ടോം മൂന്ന് റണ്സെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന ആദിത്യ സർവാടെയും സെഞ്ച്വറിക്ക് അരികെ പുറത്തായതോടെ കേരളത്തിൻ്റെ പ്രതീക്ഷള് അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റണ്സെടുത്ത ആദിത്യ സർവാടെ, ഉത്കർഷ് സിങ്ങിന്റെ പന്തില് റോബിൻ മിൻസിന് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു.
ജാർഖണ്ഡിനായി ഉത്കർഷ് സിങ്ങും മനീഷി സിങ്ങും നാല് വിക്കറ്റ് വീതവും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവില് ജാർഖണ്ഡ് വിലപ്പെട്ട മൂന്ന് പോയിന്റുകള് സ്വന്തമാക്കി. വിഷ്ണു വിനോദ് നയിച്ച കേരളത്തിന്റെ ബൗളിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് തിരിച്ചടിയായി മാറിയതെന്ന് പറയാം.
മറ്റൊരു മത്സരത്തില് കരുത്തരായ ഡല്ഹിയെ ബംഗാള് 9 വിക്കറ്റിന് തോല്പ്പിച്ചു. ഡല്ഹി ആദ്യ ഇന്നിങ്സില് 240 റണ്സെടുത്തപ്പോള് ബംഗാള് 425 റണ്സാണ് നേടിയത്. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഡല്ഹിക്ക് 277 റണ്സിന് കൂടാരം കയറേണ്ടി വന്നു. ഒരു വിക്കറ്റിന് 89 റണ്സോടെ അനായാസം ബംഗാള് വിജയത്തിലേക്കെത്തി. മുഹമ്മദ് ഷമി രണ്ട് ഇന്നിങ്സിലൂടെ അഞ്ച് വിക്കറ്റുകള് വീഴ്ത്തി.
കർണാടക- ആന്ധ്രാപ്രദേശ് മത്സരവും സമനിലയില് അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത കർണാടക 274 റണ്സെടുത്തപ്പോള് ആന്ധ്ര 418 റണ്സാണ് ഒന്നാം ഇന്നിങ്സില് നേടിയത്. രണ്ടാം ഇന്നിങ്സില് 144 റണ്സ് ലീഡ് വഴങ്ങി ഇറങ്ങിയ കർണാടക 9 വിക്കറ്റിന് 337 റണ്സെന്ന നിലയില് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സില് ആന്ധ്ര നാല് വിക്കറ്റിന് 104 റണ്സെടുത്ത് നില്ക്കവെ മത്സരം സമനിലയില് കലാശിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ ലീഡിന്റെ കരുത്തില് ആന്ധ്രക്ക് നിർണ്ണായകമായ മൂന്ന് പോയിന്റ് ലഭിക്കും.






