കോഴിക്കോട്: വൈദ്യുതി ഉൽപാദനച്ചെലവ് അമിതമായി വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഡീസൽ പവർ പ്ലാന്റുകളുടെ പ്രവർത്തനം കെഎസ്ഇബി പൂർണമായും നിർത്തിവെച്ചു.
കോഴിക്കോട് നല്ലളത്തും എറണാകുളം ബ്രഹ്മപുരത്തുമുള്ള പവർ പ്ലാന്റുകളുടെ പ്രവർത്തനമാണ് നിർത്തിയത്. പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറാൻ സാധിക്കാത്തതും തിരിച്ചടിയായി.
1997-ൽ ബ്രഹ്മപുരത്തും 1999-ൽ നല്ലളത്തുമാണ് കെഎസ്ഇബി ഡീസൽ പവർ പ്ലാന്റുകൾ ആരംഭിച്ചത്.
ജനറേറ്ററുകൾ സ്റ്റാർട്ട് ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും മാത്രമാണ് ഈ പ്ലാന്റുകളിൽ ഡീസൽ ഉപയോഗിച്ചിരുന്നത്. വൈദ്യുതി ഉൽപാദനത്തിനായി പെട്രോളിയം ഉൽപന്നമായ എൽഎസ്എച്ച്എസ് ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ എൽഎസ്എച്ച്എസ് ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് 39 രൂപയോളം ചെലവ് വരുന്നുണ്ട്.
ഇത്രയും വലിയ തുക ചെലവഴിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും, ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കഴിയില്ലെന്നുമാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
മറ്റു പല സംസ്ഥാനങ്ങളിലും ഡീസൽ എൻജിനുകൾ എൽപിജി സാങ്കേതികവിദ്യയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, നിലവിൽ എൽപിജി ഉപയോഗിച്ചുള്ള ഉൽപാദനവും ലാഭകരമല്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
നിലവിൽ രണ്ട് പ്ലാന്റുകളും പൂർണമായി പ്രവർത്തനരഹിതമാണ്. കോഴിക്കോട് നല്ലളം പ്ലാന്റിലെ എട്ട് ജനറേറ്ററുകളിൽ രണ്ടെണ്ണം പൂർണ്ണമായും തകരാറിലാണ്. ബ്രഹ്മപുരത്തെ ആറ് ജനറേറ്ററുകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. അതിനാൽ ഈ പ്ലാന്റുകളിൽ നിന്ന് ഇനി വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.






