തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തും.
ഇന്ന് രാവിലെ ചേർന്ന കെഎസ്ഇബി ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം.
അതേസമയം, സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ മാന്ത്രികവടിയൊന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയർമാനും എംഡിയുമായ എംജി രാജമാണിക്യം പ്രതികരിച്ചു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക പോംവഴി ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എല്‍ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനിലയിലുണ്ടായ അസാധാരണ വർദ്ധനയുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ മണ്‍സൂണ്‍ കാലത്ത് കൂടിയ വൈദ്യുതി ഉപയോഗ സമയത്തെ ആവശ്യകത 4,000 മെഗാവാട്ടിനരികെ ആയിരുന്നുവെങ്കില്‍, ഈ വർഷം അത് 4,800 മുതല്‍ 5,000 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനത്തെ പീക്ക് പവർ ആവശ്യം റെക്കോർഡ് ഉയരമായ 5,400 മെഗാവാട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ലഭ്യമായത് 4,200 മെഗാവാട്ട് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻവർഷം സെപ്തംബറിലെ ശരാശരി ആവശ്യം 4,224 മെഗാവാട്ട് മാത്രമായിരുന്നു.
സംസ്ഥാനത്തിന്റെ പ്രധാന ആഭ്യന്തര വൈദ്യുതി സ്രോതസായ ജലവൈദ്യുത പദ്ധതികളുടെ പരമാവധി ഉല്പാദന ശേഷി 1,750 മെഗാവാട്ട് മാത്രമാണ്. എന്നാല്‍ ഉപഭോഗം ഇതിലും എത്രയോ അധികമാണ്. ഇടുക്കിക്ക് ശേഷം മറ്റൊരു വൻകിട വൈദ്യുതി പ്രോജക്ട് നടപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരണമെന്നും രാത്രി 7 മണിക്കും അർദ്ധരാത്രിക്കുമിടയിലുള്ള പീക്ക് ഹവർ സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.






