കോട്ടയം: കോട്ടയം ജില്ലയിൽ പെയ്ത ശക്തമായ മഴയിൽ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതേത്തുടർന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂർണ്ണമായോ തടസപ്പെട്ടിരിക്കുകയാണ്.
പാലാ - ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്.
കോട്ടയം - കുമരകം - ചേർത്തല റോഡിൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
പാല, ഈരാറ്റുപേട്ട ,നാട്ടകം, അയ്മനം, തിരുവാർപ്പ് എന്നീ പ്രദേശങ്ങള്‍ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൂടാതെ പേരൂർ, ആർപ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.
ചേർത്തല-കുമരകം-കോട്ടയം റോഡിൽ വെള്ളംകയറിയ സാഹചര്യത്തിൽ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതന്‍കുമാർ മീണ അറിയിച്ചു.
വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.






