കോട്ടയം: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ട്രാൻസ്ഫോമറുകള്‍ ഓഫ് ചെയ്തു.
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ പുളിക്കമറ്റം, പാണംപടി, ഭഗീരഥ, ഭാമശേരി, 15-ല്‍ കടവ്, സ്വരമുക്ക്, കല്ലു പുരക്കല്‍, സിഎൻഐ, കൊച്ചാന, പനയം കഴുപ്പ്, ഇളം പള്ളി, പാറപ്പാടം, അറുപുഴ, വെസ്റ്റ് ക്ലബ്, പാറപ്പാടം ടെമ്പിള്‍, ഇല്ലിക്കല്‍, ചിന്മയ സ്കൂള്‍, എക്സല്‍ഷ്യർ ഇംഗ്ലീഷ് സ്കൂള്‍ എന്നിവിടങ്ങളിലെ വൈദ്യുതി വിതരണമാണ് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള് റൂമിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന ഘട്ടത്തില്‍ അറ്റകുറ്റപ്പണികള്‍ ഒഴിവാക്കണമെന്നും, പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ ജോലികള്‍ ചെയ്യാൻ മുതിരരുത എന്ന് നിർദ്ദേശമുണ്ട്.
വെള്ളം കയറുന്ന വീടുകളില്‍ ഇൻവെർട്ടർ ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം മെയിൻ സ്വിച്ച് ഓഫ് ചെയ്താലും ബാറ്ററിയില്‍ നിന്ന് വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിന് മുൻപ് അവിടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാലവർഷക്കെടുതി മൂലം വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധമായ പരാതികള്‍ക്കും അപകടസാധ്യതകള്‍ക്കും 9496008063 (കോട്ടയം), 94960 18397 (പാലാ) എന്നീ എമർജൻസി നമ്പറുകളില്‍ ബന്ധപ്പെടാം. അതിനിടെ, ചേർത്തല-കുമാരകം-കോട്ടയം റോഡില്‍ വെള്ളം കയറിയതിനാല്‍ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് കളക്ടർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.






