കോട്ടയം: ഓണക്കാലത്ത് പൊതുവിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ കൃത്യമായ അളവും ഗുണനിലവാരവും ഉറപ്പാക്കാനും വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനുമായി കോട്ടയം ജില്ലയില്‍ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു.
പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
താലൂക്ക് അടിസ്ഥാനത്തിലുള്ള സംയുക്ത സ്ക്വാഡുകള്‍ അവധി ദിവസങ്ങളിലടക്കം ജില്ലയിലുടനീളം കർശന പരിശോധന നടത്തും. അനധികൃതമായി വില വർദ്ധിപ്പിക്കുക, സാധനങ്ങള്‍ പൂഴ്ത്തിവെക്കുക, കരിഞ്ചന്ത നടത്തുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. കടകളില്‍ വില്‍ക്കുന്ന അരി, പച്ചക്കറി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍ എന്നിവയിലെ മായം തടയുന്നതിനൊപ്പം അളവിലും തൂക്കത്തിലും കൃത്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തും.
സ്റ്റാർ ഹോട്ടലുകള്‍ മുതല്‍ വഴിയോര തട്ടുകടകളില്‍ വരെ നല്കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഊർജ്ജിതമാക്കും. വിപണിയിലെ ക്രമക്കേടുകള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുമായി ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.






