തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ 108 ആംബുലൻസുകള്‍ മാറ്റി പുതിയവ നിരത്തിലെത്തും. കനിവ് 108 ആംബുലൻസ് സർവീസ് ശൃംഖലയ്ക്കായി വാങ്ങിയ 336 വാഹനങ്ങള്‍ ഉടൻ കൈമാറാൻ ഒരുക്കുകയാണ് കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎല്).
നിലവിലുള്ള 316 ആംബുലൻസുകള്‍ക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള ആംബുലൻസുകളും സർവീസിന് ലഭ്യമാക്കും. മെഡിക്കല്‍ സർവീസ് കോർപറേഷൻ വാങ്ങിയ 300ല്‍ പരം ആംബുലൻസുകള്‍ രജിസ്ട്രേഷൻ നടപടികളിലാണെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
നിലവില്‍ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള ആംബുലൻസുകള്‍ തലസ്ഥാനത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കോംപൗണ്ടില്‍ പാർക്ക് ചെയ്തിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നാലുടൻ ഇവ ഫ്ലാഗ്ഓഫ് നടത്തി അതത് സ്ഥാപനങ്ങള്‍ക്ക് കൈമാറും. സംസ്ഥാനത്ത് 2010ലാണ് പദ്ധതി ആരംഭിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ. ആംബുലൻസുകള്‍ ലഭ്യമാക്കുന്നതിനൊപ്പം സർവീസ് ഓപ്പറേഷനും കമ്പനി നിർവഹിക്കണം. അവസാന കരാർ പ്രകാരം, 11.82 ലക്ഷം ട്രിപ്പുകള്‍ 108 ആംബുലൻസുകള്‍ ഓടിയെന്നാണ് കണക്ക്. ഇതുവരെ കൊവിഡ് രോഗബാധിതരായ മൂന്ന് പേരുടെ ഉള്‍പ്പടെ 130 പേരുടെ പ്രസവങ്ങളാണ് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നത്.






