തിരുവനന്തപുരം: ലോക്ഭവന് മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഗവർണർ വാഹനത്തില്‍ പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
ഈസമയം വഴിയാത്രക്കാരനായ ഗിരീഷ് തലകറങ്ങി റോഡില്‍ വീഴുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിവരം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഗവർണർ വാഹനത്തില്‍നിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിക്കുകയും ചെയ്തു.
ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ആശുപത്രിയിലെത്തിക്കാനും ഗവർണർ തന്റെ സ്റ്റാഫിന് നിർദേശവും നല്കി. തുടർന്ന് സ്റ്റാഫ് ഗിരീഷിന് വെള്ളം നല്‍കുകയും അദ്ദേഹത്തിന്റെ വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. വെള്ളയമ്പലത്ത് ആല്‍ത്തറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്.
എന്നാല്‍ കുടുംബം ദൂരെയായതിനാല്‍ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല. ഇതോടെ ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിക്കണമെന്ന് ഗവർണർ നിർദേശം നല്കി. തുടർന്ന് ഗിരീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ശേഷമാണ് ഗവർണർ യാത്ര തുടർന്നു.






