ഗാന്ധിനഗർ: ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ ആശുപത്രി ഒപി വിഭാഗത്തിലെ എക്സ്റേ യൂണിറ്റ് തകരാറിലായിട്ട് അഞ്ച് മാസം. ആശുപത്രിയിലെ വിവിധ ഒപി കളിൽ ചികിത്സതേടുന്ന ഭൂരിഭാഗം രോഗികൾക്കും എക്സ് റേഎടുക്കേണ്ടി വരുന്നുണ്ട്.
എന്നാൽ ഒപിയിലെ യൂണിറ്റ് പണിമുടക്കിയതോടെ രോഗികൾ വലിയ കഷ്ടതയാണ് നേരിടുന്നത്.
നിലവിൽ ഒപി വിഭാഗത്തിൽനിന്ന് ഏറെ അകലെയുള്ള പുതിയ സർജറി ബ്ലോക്കിൽ പ്രവർത്തിക്കുന്ന യൂണിറ്റിനെയാണ് രോഗികൾ എക്സ്റേ എടുക്കുന്നതിന് സമീപിക്കുന്നത്.
എന്നാൽ അത്രയുംദൂരം പോകാൻ മടിക്കുന്ന രോഗികൾ ഒപി വിഭാഗത്തിനു സമീപത്തായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിലുള്ള ഡിസിഎച്ചിലാണ് അമിത ഫീസ് കൊടുത്ത് എക്സ്റേ എടുക്കുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം ഇവിടെയും എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം തകരാറിലായത് രോഗികളെ വീണ്ടും വലച്ചു. ഇതോടെ എക്സ്റേ എടുക്കേണ്ട രോഗികൾ പുതിയ സർജിക്കൽ ബ്ലോക്കിലെ യൂണിറ്റിനെ സമീപിച്ചത് ഇവിടെ വലിയ തിരക്കിനിടയാക്കി.
ഒപിയിൽ എക്സ്റേ യൂണിറ്റ് ആരംഭിക്കേണ്ടത് രോഗികളെ സംബന്ധിച്ച് അത്യാപേക്ഷിതമാണ്. അതേസമയം തകരാറിലായ കാലപ്പഴക്കം ചെന്ന എക്സ്റേ യൂണിറ്റ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ നടന്നു വരുന്നതായാണ് വിവരം.






