തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങള് പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയില്. റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നല്കി.
കിഫ്ബിയില് സമഗ്ര പുനഃസംഘടന ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. മുൻ അഡീഷണല് ചീഫ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയാണ് പഠനം നടത്തിയത്. ഫെഡറല് ബാങ്ക് മുൻ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ആൻഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ നിലേഷ് വികംസി, ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് മുൻ ഉദ്യോഗസ്ഥയും സിഎജി മുൻ ഓഡിറ്റ് ബോർഡ് ഡയറക്ടറുമായ എച്ച്. സുബ്ബലക്ഷ്മി, മുൻ കേന്ദ്ര റവന്യൂസെക്രട്ടറി തരുണ് ബജാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്.
വി. ഡി. സതീശൻ സർക്കാർ അധികാരമേറ്റയുടൻ പുറത്തിറക്കിയ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവള പത്രത്തില് കിഫ്ബി പുനഃസംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികള്ക്ക് രാഷ്ട്രീയ മുൻഗണന നല്കിയെന്നും വിമർശനമുണ്ട്. കിഫ്ബി വായ്പകള് നിയന്ത്രിക്കണമെന്നും ധവളപത്രത്തില് ശിപാർശയുണ്ടായിരുന്നു.






