കോട്ടയം: രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തത് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക്, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് വരെയുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ വലിയ കുറവുണ്ട്. ഒ.പി വിഭാഗങ്ങളില്‍ മണിക്കൂറുളോളം കാത്തിരിക്കേണ്ടി വരുന്നതിന് പുറമെ, താലൂക്ക് ആശുപത്രികളിലെ രാത്രികാല അത്യാഹിത വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ല. പനി ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഒ.പികളിലെ തിരക്ക് പലമടങ്ങായി. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാല്‍ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികള്‍ മണിക്കൂറുളോളം കാത്തിരിക്കണം.
പാമ്പാടി താലൂക്ക് ആശുപത്രി
കാഞ്ഞിരപ്പള്ളിക്കും കോട്ടയത്തിനുമിടയില്‍ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ചികിത്സാകേന്ദ്രമാണ് പാമ്പാടി താലൂക്ക് ആശുപത്രി.
ദേശീയപാതയിലെ അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ നിർണായകമാകേണ്ട ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരുമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ചങ്ങനാശേരി ജനറല്‍ ആശുപത്രി
ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും ഡോക്ടർമാരുടെ കുറവ് രോഗികളെ ബാധിക്കുന്നു. മെഡിസിൻ വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും അതിനനുസരിച്ച് ഡോക്ടർമാരില്ല.
ഈരാറ്റുപേട്ടയില്‍ രാത്രി സേവനമില്ല
ഈരാറ്റുപേട്ട മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രാത്രികാല ഡോക്ടർ സേവനം ലഭ്യമല്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാല്‍ രാത്രിയില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്.
ഒഴിവുകള്‍ നിരവധി
ജനറല്‍ മെഡിസിൻ, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകള്‍ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പലയിടത്തും ചില സ്പെഷാലിറ്റി വിഭാഗങ്ങളില്‍ ഒരു ഡോക്ടർ മാത്രമാണ് സേവനത്തിലുള്ളത്. ഈ ഡോക്ടർ അവധിയിലായാല് വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. ചില ഡോക്ടർമാർ ദീർഘകാല അവധിയില്‍ പ്രവേശിക്കുന്നതും ദുരിതമാകുന്നു. ഒ.പി, വാർഡ്, ക്യാഷ്വാലിറ്റി, രാത്രികാല ഡ്യൂട്ടി തുടങ്ങിയ ചുമതലകള്‍ ഒരി ഡോക്ടർക്ക് തന്നെ ഏറ്റെടുക്കേണ്ട സ്ഥിതിയുമുണ്ട്.
ഡോക്ടർമാർക്ക് പുറമെ നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവും പരിഹരിച്ചാല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ.






