കോട്ടയം: സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുമായി പോലീസിന്റെ നേതൃത്വത്തില്‍ സൈ ഹണ്ട് 3.0 ന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ വ്യാപക പരിശോധന നടത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യാജ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകളിലും എ.ടി.എം വഴി പണം തട്ടിയ കേസുകളിലും ഉള്‍പ്പെട്ട ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ചൊവ്വാഴ്ച രാവിലെ 6.30 മുതല്‍ വൈകിട്ട് 7.30 വരെയായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തിയത്.
വ്യാജ ബാങ്ക് അക്കൗണ്ട് തട്ടിപ്പിന് ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം ഈസ്റ്റ്, കറുകച്ചാല്‍, പാലാ, തിടനാട്, ഗാന്ധിനഗര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധികളിലെ 9 അക്കൗണ്ട് ഉടമകളുടെ വീടുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
എ.ടി.എം തട്ടിപ്പുകള്‍ കോട്ടയം വെസ്റ്റ്, കുമരകം, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂര്‍ എന്നീ സേ്റ്റഷനുകളിലായി 5 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നിന്നായി 3 സ്മാര്‍ട്ട് ഫോണുകള്‍, 1 ടാബ്, 2 ഹാര്‍ഡ് ഡിസ്കുകള്‍, 2 പെന്‍ഡ്രൈവുകള്‍, 5 എ.ടി.എം കാര്‍ഡുകള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇത്തരം തട്ടിപ്പുകളില്‍ പങ്കാളികളാകുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.






