കോട്ടയം: കോട്ടയം ളാക്കാട്ടൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയ സംഭവത്തില്‍ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50), ഭാര്യ ജോസ്ന (43), മക്കളായ മരിയാ തെരേസാ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ വിവിധ ദിവസങ്ങളിലായി മരണമടഞ്ഞത്.
കഴിഞ്ഞ ദിവസം ശാസ്ത്രീയ തെളിവെടുപ്പ് സംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മരിച്ച വീട്ടമ്മ ജോസ്നയുടെ ബാങ്ക് അക്കൗണ്ടുകള്‍, ചിട്ടി ഇടപാടുകള്‍, ഫോണ്‍വിളികളുടെ വിവരങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ബാങ്ക് സൊസൈറ്റിയില്‍ പാർട്ട് ടൈം ജീവനക്കാരിയായിരുന്ന ജോസ്ന നടത്തിയതായി കരുതുന്ന ചിട്ടി ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു. നിരവധി പേരില്‍ നിന്ന് സൊസൈറ്റിയുടെ പേരില്‍ അരലക്ഷം രൂപയുടെ ചിട്ടിത്തുകകള് സ്വീകരിച്ചെങ്കിലും, ഇത്തരമൊരു ചിട്ടി സൊസൈറ്റിയില്‍ നിലവിലില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ പണം എവിടേക്ക് പോയി, മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ, കുടുംബം സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
ജോസ്നയുടെ പേരില്‍ വിവിധ ബാങ്കുകളിലായി പത്ത് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം. ഇവയുടെ ഇടപാട് വിവരങ്ങള്‍ ബാങ്കുകളില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വെള്ളിയാഴ്ചയോടെ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷമേ സാമ്പത്തിക ഇടപാടുകളുടെ യഥാർഥ ചിത്രം വ്യക്തമാകൂ.
ചിട്ടിപ്പണം നല്കിയ പലരെയും ഔദ്യോഗികമായി അംഗങ്ങളായി ചേർത്തിട്ടില്ലെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ജാമ്യമില്ലാതെ ചിട്ടിപ്പണം കൈപ്പറ്റിയതും പിന്നീട് കുടിശ്ശിക അടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. ശേഖരിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
ഇതിനുപുറമെ, ജോസ്നയുടെ ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് ശേഖരിക്കും. കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യവും ചെലവഴിക്കല്‍ രീതിയും പരിശോധിച്ചുവരികയാണ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും, ആരോഗ്യനില ഗുരുതരമായതിനാല്‍ മെഡിക്കല്‍ ബോർഡ് അനുമതി നല്‍കിയിരുന്നില്ല. അയർക്കുന്നം പോലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
അതേസമയം, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എല്‍.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്കി. ജോസ്ന ജോലി ചെയ്തിരുന്ന സാമ്പത്തിക സ്ഥാപനത്തെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ മന്ത്രി എം. ലിജുവിനും അദ്ദേഹം നിവേദനം നല്‍കിയിട്ടുണ്ട്.






