കോട്ടയം : വേഗ ബോട്ട് കോട്ടയത്തേക്ക് വരുമെന്ന പ്രഖ്യാപനത്തിനു നാല് വയസായിട്ടും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമാകുന്നില്ല. വരുമാനത്തിലും കായല്‍ സൗന്ദര്യം ആസ്വാദനത്തിലും മുന്നിലാണെങ്കിലും കോട്ടയം-ആലപ്പുഴ ജലയാത്രയ്ക്ക് ഇപ്പോഴും ആടിയുലയുന്ന ബോട്ടുകള്‍ മാത്രമാണ് ആശ്രയം.
ജലഗതാഗത വകുപ്പ് ജില്ലയ്ക്ക് വേഗ ബോട്ട് അനുവദിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ സര്‍വീസ് ഇന്നും കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. ആലപ്പുഴയിലെ യാര്‍ഡില്‍ ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, എപ്പോള്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കുറഞ്ഞ സമയത്തില്‍ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്ന ആധുനിക ബോട്ടുകളാണ് വേഗയുടെ പ്രത്യേകത. ആദ്യം വൈക്കം-എറണാകുളം റൂട്ടില്‍ പരീക്ഷിച്ച സര്‍വീസിന് മികച്ച പ്രതികരണം ലഭിച്ചതോടെ പിന്നീട് ആലപ്പുഴ - കുമരകം, തണ്ണീര്‍മുക്കം റൂട്ടുകളിലേക്കും വ്യാപിപ്പിച്ചു. കോട്ടയം റൂട്ടില്‍ ആദ്യം കോടിമത വഴിയാണ് വേഗ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വേഗ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ 15 മിനിറ്റ് മതിയാകും. ഇതേ യാത്ര ബസില്‍ സാധാരണയായി രണ്ടുമണിക്കൂറോളം എടുക്കും. ഗതാഗതക്കുരുക്കുള്ള ദിവസങ്ങളില്‍ സമയം വീണ്ടും വര്‍ധിക്കുകയും ചെയ്യും. നിലവില്‍ സാധാരണ ബോട്ട് സര്‍വീസുകള്‍ക്ക് പോലും വിദേശികളടക്കം നിരവധി യാത്രക്കാരാണ് എത്തുന്നത്. വേഗ സര്‍വീസ് കൂടി ആരംഭിച്ചാല്‍ കൂടുതല്‍ പേര് ജലഗതാഗതം തിരഞ്ഞെടുക്കുമെന്നും വകുപ്പിന്റെ വരുമാനം ഗണ്യമായി ഉയരുമെന്നുമാണ് വിലയിരുത്തല്‍.






