കോട്ടയം: ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ സെപ്റ്റംബർ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം വരണാധികാരിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയില്‍ ചേർന്നു.
മാടപ്പള്ളി-6, പായിപ്പാട് -17, തൃക്കൊടിത്താനം -22, വാഴപ്പളളി -2 എന്നിങ്ങനെ നാലു ഗ്രാമപഞ്ചായത്തുകളിലെ 47 വാർഡുകള്‍ ഉള്‍പ്പെടുന്നതാണ് തൃക്കൊടിത്താനം ഡിവിഷൻ. ഈ മേഖലകളില്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് ജാഗ്രത പുലർത്തണമെന്ന് പാർട്ടികളുടെ പ്രതിനിധികള്‍ക്ക് ജില്ലാ കളക്ടർ നിർദേശം നല്കി. വാഹനങ്ങള്‍ക്കും അനൗണ്സ്മെൻറിനും പോലീസില്‍നിന്ന് അനുമതി വാങ്ങണം. തെരഞ്ഞെടുപ്പു നടന്നു 30 ദിവസത്തിനുള്ളില്‍ സ്ഥാനാർഥികള്‍ ചെലവിൻറെ കൃത്യമായ കണക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സെപ്റ്റംബർ 24ന് വിതരണ കേന്ദ്രമായ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കൊണ്ടുപോകും. 25 രാവിലെ എട്ടിന് യന്ത്രങ്ങളുടെ കമ്മീഷനിംഗ് അവിടെ നടക്കും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തെരഞ്ഞെടുപ്പുസാമഗ്രികളും വോട്ടിംഗ് യന്ത്രങ്ങളും 27 രാവിലെ ഒൻപതു മുതല്‍ എസ്.ബി. ഹയർ സെക്കൻഡറി സ്കൂളില്‍ വിതരണം ചെയ്യും. 28ന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 29ന് നടക്കും.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ. പി.കെ. പത്മകുമാർ, കെ.ആർ. കൃഷ്ണകുമാർ, അഡ്വ. ജോർജ് ജോസഫ്, എ.ഡി.എം. സോളി ആൻറണി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.






