കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററില്‍ എത്തിച്ച വിലകൂടിയ എസി മോഷണം പോയി. കോട്ടയം കറുകച്ചാലിലെ വർഷ സർവീസ് സെന്ററിലാണ് സംഭവം.
വാട്ടർ സർവീസിന് ശേഷം കടയ്ക്ക് പുറത്തുവെച്ചിരുന്ന എസിയാണ് മോഷണം പോയത്. കടയുടമ രഞ്ജിത് മറ്റൊരു ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
തന്റെ ഫോണിലേക്ക് ഒരാള്‍ വിളിച്ച് എസി കൊടുക്കാനുണ്ടോയെന്ന് അന്വേഷിച്ചതായി രഞ്ജിത് പറയുന്നു. പിന്നീട് കടയില്‍ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് എ.സി കാണാനില്ലെന്ന് മനസിലായത്.
സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എ.സി എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കറുകച്ചാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിദേശത്തുനിന്ന് കൊണ്ടുവന്ന വിലകൂടിയ എസിയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.






