കൊല്ലം: ദേശീയപാതയില്‍ നാവായിക്കുളത്തിന് സമീപം ബൈക്ക് ബാരിക്കേഡിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരപരിക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെ നാവായിക്കുളം 28 മൈല്‍ മങ്ങാട്ടുവാതുക്കല്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയില്‍ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അരുണ്‍ കൃഷ്ണ (അക്കുടു - 20) ആണ് മരിച്ചത്. പരിക്കേറ്റ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറ്റിങ്ങല്‍ ഭാഗത്തുനിന്നും കൊല്ലത്തേക്ക് മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ വലിയ ഇരുമ്പ് ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബാരിക്കേഡ് തകർത്ത് ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികള്‍ക്കിടയിലേക്ക് തെറിച്ചുവീണു. അപകടസ്ഥലത്തു വച്ചുതന്നെ അരുണ്‍ കൃഷ്ണ മരിച്ചു. കമ്പികള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അരുണിനെ നാട്ടുകാരാണ് പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






