ന്യൂഡൽഹി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന വ്യാപക ഉപഭോക്തൃ പരാതികളുടെ അടിസ്ഥാനത്തിൽ പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് നൽകി. തൃപ്തികരമായ വിശദീകരണം ലഭിക്കാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഭക്ഷ്യസുരക്ഷാ നിയമം, 2006 പ്രകാരമുള്ള വിവിധ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആകെ ഒമ്പത് നോട്ടീസുകളാണ് കമ്പനിയ്ക്ക് അയച്ചിരിക്കുന്നത്. അൻപതിലധികം ഉപഭോക്തൃ പരാതികളാണ് ഇൻസ്റ്റാമാർട്ടിനെതിരെ ലഭിച്ചത്. കുട്ടികളുടെ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതായും, തിരികെ നൽകിയ ഉൽപ്പന്നങ്ങൾ വീണ്ടും ഉപഭോക്താക്കൾക്ക് എത്തിച്ചെന്നുമാണ് പരാതികളിലുള്ള ആരോപണം. കേടായ മുട്ടയും പാലും വിതരണം ചെയ്തതായും പരാതികളിൽ പറയുന്നു.
പരാതികൾ അറിയിച്ചിട്ടും തൃപ്തികരമായ മറുപടികൾ ലഭിച്ചില്ലെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം റീഫണ്ട് നൽകുന്നതിൽ മാത്രം കമ്പനി ഒതുങ്ങിയെന്നുമാണ് ഉപഭോക്താക്കളുടെ ആരോപണം. തെറ്റായതോ അസാധുവായതോ ആയ ലൈസൻസ് നമ്പറുകൾ ഉപയോഗിച്ചതായും, രജിസ്ട്രേഷനിലുള്ള പേരുകൾക്ക് പകരം മറ്റ് പേരുകളിലാണ് ചില ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ പരിശോധന, ഉൽപ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണം, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം എന്നിവയിൽ കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി വിലയിരുത്തി. ഇതുസംബന്ധിച്ച വിശദമായ വിശദീകരണം ഉടൻ നൽകണമെന്നാണ് നോട്ടീസിലെ നിർദേശം.






