കൊല്ലം : അഞ്ചാലുംമൂട് മത്സ്യബന്ധന ബോട്ടിന്റെ മുകളിൽ നിന്ന് കാൽവഴുതി കായലിൽ വീണ യുവാവ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി 39കാരനായ ഗോവിന്ദപോളിഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൃക്കടവൂർ കുരീപ്പുഴയിലുള്ള മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റ പണികൾ നടത്തുന്ന വർക്ക് ഷോപ്പിന് സമീപമാണ് സംഭവം.
രണ്ട് ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിന് സമീപമുള്ള അഷ്ടമുടി കായലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിൽ ഒരു ബോട്ടിന്റെ മുകൾ ഭാഗം വൃത്തിയാക്കിയ ശേഷം ഇറങ്ങി വരുകയായിരുന്നു ഗോവിന്ദ പോളിഷ്. ഇതിനിടെ കാൽവഴുതി രണ്ട് ബോട്ടുകൾക്കും ഇടയിലൂടെ കായലിലേക്ക് വീണു.
ബോട്ടിൽ തലയിടിച്ച ഗോവിന്ദ്, ബോധരഹിതനായതിനെത്തുടർന്ന് വെള്ളത്തിൽ മുങ്ങിപ്പോയി. തുടർന്ന് കൊല്ലത്തുനിന്ന് അഗ്നിരക്ഷാസേന എത്തി കരയ്ക്കെത്തിച്ചു. ജില്ലാ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.






