ബംഗളൂരു: ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെ ദാരുണമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ക്യാബ് ഡ്രൈവർ അറസ്റ്റില്‍.
ബെംഗളൂരു സ്വദേശിയായ ഇന്ദു ശേഖർ എന്നയാളാണ് കർണാടക പോലീസിന്റെ പിടിയിലായത്. രാജാജിനഗറിലെ ഭാഷ്യം സർക്കിളിന് സമീപമുള്ള വീട്ടില്‍ വെച്ച് ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തിയ ശേഷം, സ്വന്തം കാറില്‍ മൃതദേഹങ്ങള്‍ കടത്തി ചിക്ബല്ലാപ്പൂർ ജില്ലയിലെ നന്ദി ഹില്‍സിന് സമീപം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
20 വർഷം മുൻപാണ് സുനിത എന്ന യുവതിയെ ഇന്ദുശേഖർ വിവാഹം കഴിച്ചത്. അതിനുശേഷം കുടുംബപ്രശ്നങ്ങളിലും ദാമ്പത്യജീവിതത്തിലും ഭാര്യയുടെ വീട്ടുകാരുടെ അനാവശ്യ ഇടപെടലുകളിലും കടുത്ത അമർഷത്തിലായിരുന്നു ഇയാളെന്ന് റിപ്പോർട്ടുകളുണ്ട്. അമ്മായിയമ്മ രൂപവതി, ഭാര്യ സുനിത, അളിയന്മാരായ ശിവകുമാർ, ശങ്കർ, മരുമക്കളായ ദിവ്യ, നളിനി, ഏഴ് വയസ്സുകാരനായ പേരക്കുട്ടി പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്.
സംഭവം പുറത്തറിഞ്ഞത് എങ്ങനെ?
ഒക്ടോബർ 17-ഓടെയാണ് കൊലപാതക പരമ്പര തുടങ്ങിയതെന്ന് പോലീസ് സംശയിക്കുന്നു. ഓരോരുത്തരെയായി വിവിധ കാരണങ്ങള്‍ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഇന്ദു ശേഖർ കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സുഹൃത്തുക്കളോടും അയല്‍ക്കാരോടും ഭാര്യ കൂട്ടുകാരിയോടൊപ്പം യാത്ര പോയതാണെന്ന് വിശ്വസിപ്പിച്ചു.
കൊല്ലപ്പെട്ട ദിവ്യയുടെയും നളിനിയുടെയും അമ്മമാർ നവംബർ 3ന് ശ്രീരാംപുര പോലീസ് സ്റ്റേഷനില്‍ നല്കിയ കാണാതായ പരാതിയിലാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ രാജാജിനഗർ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്






