ഡല്‍ഹി: വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെ ചുമത്തിയ കേസുകള്‍ പൂർണ്ണമായും പിൻവലിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് സർക്കാർ ഏതെങ്കിലും തരത്തില്‍ പിന്നോട്ടുപോയാല്‍ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന് തിരികൊളുത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെ കടുത്ത മുന്നറിയിപ്പ് നല്കി.
പ്രമുഖ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെയാണ് സർക്കാരിന്റെ ഇരട്ടത്താപ്പിനെയും പോലീസ് നടപടിയെയും രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
പരീക്ഷാ ക്രമക്കേടുകള്‍ക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ സമാധാനപരമായ രീതിയില്‍ പ്രതിഷേധിച്ച നിരപരാധികളായ യുവജനങ്ങള്‍ക്ക് നേരെ പോലീസ് അനാവശ്യമായും ക്രൂരമായും ബലപ്രയോഗം നടത്തുകയായിരുന്നുവെന്ന് അഭിജിത് ദീപ്കെ കുറ്റപ്പെടുത്തി. ജനാധിപത്യപരമായ രീതിയില്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയർത്തിയ പ്രക്ഷോഭകരെ കൈകാര്യം ചെയ്ത രീതിയില്‍ ഭരണാധികാരികള്‍ക്ക് കടുത്ത നാണക്കേടുണ്ടാകണമെന്നും ഭരണകൂട ഭീകരതയാണ് തെരുവില്‍ കണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ വിദ്യാർത്ഥി സമൂഹം തെരുവില്‍ വലിയ തോതില്‍ ചോരചിന്തിയിട്ടും അധികാരികളുടെ അഹങ്കാരവും പിടിവാശിയും ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നത് അത്യന്തം നിർഭാഗ്യകരമാണ്. സമാധാനപരമായ ചർച്ചകള്‍ക്കും ഉറപ്പുകള്‍ക്കും ശേഷവും വിദ്യാർത്ഥികളെ ഇനിയും വേട്ടയാടാനും ഉപദ്രവിക്കാനുമാണ് സർക്കാരിന്റെ തീരുമാനമെങ്കില്‍,
പ്രക്ഷോഭകർ ഒട്ടും മടിക്കാതെ വീണ്ടും വീര്യത്തോടെ തെരുവിലിറങ്ങുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി. കേസുകള്‍ പൂർണ്ണമായും ഒഴിവാക്കി നല്കിയ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രാജ്യം കാണാൻ പോകുന്നത് കനത്ത പ്രതിഷേധ കൊടുങ്കാറ്റായിരിക്കുമെന്നാണ് സി.ജെ.പി നേതൃത്വം ഉറപ്പിച്ചുപറയുന്നത്






