ഗാന്ധിനഗർ: ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആശ്രയമാകേണ്ട ആശുപത്രിക്കെട്ടിടം രോഗികള്‍ക്കും ജീവനക്കാർക്കും ഭീഷണിയാകുന്നു.
270 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കല്‍ ബ്ലോക്കില്‍ തുടർച്ചയായി കെട്ടിടഭാഗങ്ങളും സീലിംഗും അടർന്നുവീഴുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
കെട്ടിടത്തിന്റെ സീലിംഗുകൾ തുടർച്ചയായി അടർന്നു വീഴുന്നതും ചോർച്ചയും ഇലക്ട്രിക്കൽ പ്ലംബിംഗ് തകരാറുകളും രോഗികളുടെയും ജീവനക്കാരുടെയും ജീവനു വലിയ ഭീഷണിയാണെന്ന് ഏറ്റുമാനൂർ എംഎല്‍എ നാട്ടകം സുരേഷ് നിയമസഭയിൽ പറഞ്ഞു.
പുതിയ സർജിക്കൽ ബ്ലോക്കിന്റെ പല ഭാഗങ്ങളും ഓരോ ദിവസവും അടർന്നു വീഴുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു തവണ സീലിംഗ് വീണ് അപകടമുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചു.
നിർമാണച്ചുമതലയുണ്ടായിരുന്ന കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം. അഴിമതിയെക്കുറിച്ചും സാങ്കേതിക വീഴ്ചകളെക്കുറിച്ചും വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം സർജിക്കല്‍ ബ്ലോക്കില്‍ ജീവനക്കാരുടെ ശുചിമുറിയിലെ സീലിംഗും ഹോളോബ്രിക്സ് കട്ടയുടെ ഭാഗങ്ങളും അടർന്നുവീണതാണ് ഏറ്റവും അവസാനത്തെ സംഭവം. ഒരു ജീവനക്കാരി ശുചി മുറിയുടെ വാതില്‍ തുറന്ന സമയത്തുതന്നെ കട്ടയും സീലിംഗും അടർന്ന് വീണു; അപകടമുണ്ടായില്ല. കഴിഞ്ഞയാഴ്ച മറ്റൊരിടത്ത് സീലിംഗ് അടർന്നുവീണിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയാത്ത കെട്ടിടത്തില്‍ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി തവണയാണ് വിവിധ ഭാഗങ്ങള്‍ അടർന്നു വീണത്. പലപ്പോഴും തലനാരിഴയ്ക്കാണ് രോഗികളും ജീവനക്കാരും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.
കെട്ടിടത്തിലെ പല ശുചിമുറികളും ചോരുന്നതായും രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെടുന്നു.
മഴക്കാലത്ത് കെട്ടിടത്തിന്റെ തൂണുകളിലൂടെ മഴവെള്ളം ഒഴുകിയിറങ്ങുന്ന സ്ഥിതിയുമുണ്ടായി. സീലിംഗ്, ജലവിതരണ സംവിധാനം, ഫാനുകള്‍ ഉള്‍പ്പടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ചും നേരത്തേ വ്യാപകമായ പരാതികള്‍ ഉയർന്നിരുന്നു. നിർമാണത്തിലെ അപാകതകളും അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകളും പുതിയ സർജിക്കല്‍ ബ്ലോക്കിനെക്കുറിച്ച് നേരത്തേതന്നെ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.






