തിരുവനന്തപുരം :കിഫ്ബി ഫണ്ടുപയോഗിച്ച് കിൻഫ്ര വഴി കണ്ണൂരിൽ നടത്തിയ വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലിൽ ഗുരുതരമായ ധനകാര്യ ക്രമക്കേടുകളും അഴിമതിയും നടന്നതായി മുൻ പ്ലാനിംഗ് കമ്മീഷൻ മെമ്പർ സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്ബി ബോർഡ് യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും, കാബിനറ്റ് അംഗീകാരമോ ധനകാര്യ വകുപ്പിന്റെ കൃത്യമായ അനുമതിയോ ഇല്ലാതെയാണ് കണ്ണൂരിലും പാലക്കാടുമായി അയ്യായിരത്തിലധികം ഏക്കർ ഭൂമി ഏറ്റെടുക്കാൻ വൻ തുക അനുവദിച്ചതെന്നാണ് കണ്ടെത്തൽ. കണ്ണൂരിലെ ഇരിട്ടി, കൂടാലി, കല്ല്യാട്, പടിയൂർ വില്ലേജുകളിലായി പാറപ്രദേശങ്ങളും കുന്നിൻപ്രദേശങ്ങളും അടങ്ങുന്ന ഭൂമിക്ക് കിൻഫ്ര നിശ്ചയിച്ച ഏക്കറിന് 2.5 കോടി രൂപ എന്ന നിരക്ക് അതീവ ദുരൂഹവും അഞ്ചിരട്ടി അധികവുമാണെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. ഉയർന്ന പലിശ നിരക്കിൽ വായ്പയെടുത്ത തുക ഉപയോഗിച്ച് വാങ്ങിയ ഈ ഭൂമിയിൽ ഭൂരിഭാഗവും എട്ട് വർഷമായിട്ടും യാതൊരു വികസനവുമില്ലാതെ പൂർണ്ണമായും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഭൂമി വിട്ടുനൽകിയ ചെറുകിട ഭൂവുടമകൾക്ക് വർഷങ്ങളായിട്ടും കൃത്യമായ നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണെന്നും, ഭൂമി ഏറ്റെടുക്കുന്നില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി തങ്ങളെ കൃഷി ചെയ്യാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ എന്തിന് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനോ എങ്കിലും അനുവദിക്കണമെന്നാണ് ദുരിതത്തിലായ പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.






