ഡൽഹി :ട്രെയിൻ യാത്രകളിൽ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ പാട്ടുവെച്ചും വീഡിയോകൾ കണ്ടും മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവർക്ക് തിരിച്ചടിയുമായി സതേൺ റെയിൽവേ. യാത്രക്കാരുടെ സമാധാനം കെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ റെയിൽവേ കർശന ഉത്തരവിറക്കിയിരിക്കുകയാണ്.പുതിയ ഉത്തരവ് പ്രകാരം ട്രെയിനുകളിൽ സ്പീക്കർ മോഡിൽ പാട്ടുകേൾക്കുകയോ, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്താൽ 1,000 രൂപ പിഴ ഈടാക്കും. ഇത്തരക്കാരെ ട്രെയിൻ കോച്ചുകളിൽ നിന്ന് ഉടൻ പുറത്താക്കുകയും ചെയ്യും.
ഈ കുറ്റം ആവർത്തിക്കുന്നവർക്ക് ആറു മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും. റെയിൽവേ പരിസരങ്ങളിലെ അച്ചടക്കം ഉറപ്പാക്കാനാണ് ഈ നിർണായക നടപടി.യാത്രക്കാരുടെ യാത്രാസുഖം മുൻനിർത്തി ഈ മാതൃകാപരമായ വ്യവസ്ഥ മറ്റ് റെയിൽവേ സോണുകളിലേക്കും മെട്രോ സർവീസുകളിലേക്കും വൈകാതെ വ്യാപിപ്പിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.






