തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദമായി (Deep Depression) വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങൾക്ക് സമീപം എത്താൻ സാധ്യത.
കേരളം, തമിഴ്നാട്, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പിൽ നിന്ന് 5.8 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു.
കേരളത്തിൽ 2026 സെപ്റ്റംബർ 21 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 21, 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
സെപ്റ്റംബർ 21, 22 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






