തിരുവനന്തപുരം. പി ജെ ജോസഫിന് ക്യാബിനറ്റ് പദവി വേണമെന്ന് അധികാരത്തിലെത്തുന്നത് മുതല്‍ കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്.
അദ്ദേഹം മത്സരിക്കാതെ മാറി നിന്നപ്പോള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പ്രധാനസ്ഥാനം നല്‍കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു നോട്ടമിട്ടിരുന്നത്.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോള്‍ പി ജെ ജോസഫിൻ്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു.
മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടി എന്നായിരുന്നു ഉത്തരം.
അവർക്ക് പദവി കൊടുത്തതിലല്ല പി ജെ ജോസഫിന് പദവി കിട്ടാത്തതിലാണ് അതൃപ്തിയെന്ന് കേരളകോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ മന്ത്രി മോൻസ് ജോസഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം. വയോജനകമ്മീഷൻ, കാർഷികകടാശ്വാസകമ്മീഷൻ തുടങ്ങിയ സ്ഥാനങ്ങളിലേതങ്കിലുമാണ് ജോസഫിന് വേണ്ടി കേരളകോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനത്തിനെതിരെ യുഡിഎഫ് കണ്‍വീനർ തന്നെ രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാക്കി. പിന്നാലെയാണ് കേരളകോണ്ഗ്രസിൻ്റെ അതൃപ്തി.






