കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹർജിയുമായി സിപിഎം നേതാക്കള്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി എസി മൊയ്തീനും എംഎം വർഗീസും കെ രാധാകൃഷ്ണനും ഹർജി നല്കി.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദമുയർത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹർജിയെ എതിർക്കാനാണ് ഇഡി നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചെന്ന് അന്വേഷണസംഘം കുറ്റപ്പെടുത്തുന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസില്‍ 83 പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്ടിയാല്‍ തെളിവുണ്ടെന്ന് കലൂർ പിഎംഎല്‍എ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിമാരും കേസിലെ പ്രതികളുമായ എ സി മൊയ്ദീൻ, എം എം വര്‍ഗീസ്, കെ രാധകൃഷ്ണൻ അടക്കമുള്ളവർ കോടതിയെ സമീപിച്ച് വിടുതല്‍ ഹർജി നല്‍കിയത്. കള്ളപ്പണ കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം.
മാത്രമല്ല പാർട്ടിയെ കള്ളപ്പണ കേസില്‍ പ്രതിയാക്കാനാകില്ലെന്നും ഹർജിയില്‍ പറയുന്നു. കേസില്‍ 64ാം പ്രതിയാണ് സിപിഐഎം പാർട്ടി. പാർട്ടിക്ക് വേണ്ടിയാണ് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി വിടുതല്‍ ഹർജി നല്‍കിയത്. എന്നാല്‍ 2011-2021 കാലയളവില്‍ കരുവന്നൂരിലെ ബാങ്കില്‍ നിന്ന് ബെനാമി വായപകളനുവദിക്കാൻ നേതാക്കള്‍ ഇടപെട്ടതിന് തെളിവുണ്ടെന്നും ബാങ്ക് ഭരണസമിതിയെ സിപിഎം ജില്ലാ സെക്രട്ടറിമാർ നിയോഗിച്ച സബ്കമ്മിറ്റിയാണ് നിയന്ത്രിച്ചതെന്നും ഇഡി പറയുന്നു. അനധികൃത വായ്പ നേടിയവർ പാർട്ടിക്ക് ഫണ്ട് നല്‍കിയത് കുറ്റകൃത്യത്തിലെ പണം ആണ്. ഈ പണം ഉപയോഗിച്ചാണ് പുറത്തശ്ശേരി ലോക്കല്‍ കമ്മിറ്റിക്കായി ഭൂമി വാങ്ങിയതെന്നും ഇഡി ചൂണ്ടികാട്ടുന്നു. കരുവന്നൂർ ബാങ്കിലെ പാർട്ടി അക്കൗണ്ടില്‍ അനധികൃത വായപ നേടിയ പ്രതികള്‍ കമ്മീഷൻ നല്‍കിയിട്ടുണ്ട്. ഈ തുക പിന്നീട് പാർട്ടി ഉപയോഗിച്ചു. ഈ സാഹചര്യത്തില്‍ സിപിഎം കേസില്‍ പ്രതിയാണെന്നും പിഎംഎല്‍എ നിയമത്തിലെ സെക്ഷൻ 70 പ്രകാരം കള്ളപ്പണം തടയല്‍ നിയമം സിപിഎം പാർട്ടിക്കെതിരെ നിലനില്‍ക്കുമെന്നും ഇഡി വിശദീകരിക്കുന്നു. ഹർജി ഈമാസം 24 ന് പിഎംഎല്‍എ കോടതി പരിഗണിക്കും.






