കുറുപ്പന്തറ: പഞ്ചായത്തിലെ വിവിധ ചെറുകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം സർക്യൂട്ട് ഒരുക്കാനുള്ള പദ്ധതിയുമായി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്. തോടുകൾ, കനാലുകൾ, നെൽപ്പാടങ്ങൾ, ആരാധനാലയങ്ങൾ, നാട്ടുചന്തകൾ, കൃഷിവകുപ്പിന്റെ ലേല മാർക്കറ്റ്, കാഞ്ഞിരത്താനം പുലിയള ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവാരമുള്ള ഹോട്ടലുകളും ക്ലബ്ബുകളും റിസോർട്ടുകളും പ്രവർത്തിക്കുന്നതിനാൽ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ പ്രദേശത്ത് എത്തുന്നുണ്ട്. എന്നാൽ മാഞ്ഞൂരിന്റെ ഗ്രാമീണ ഭംഗിയും തനത് കാഴ്ചകളും ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പുതിയ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്ത് ഒരുങ്ങുന്നത്. പദ്ധതിയിലൂടെ പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
എം.ജി. സർവകലാശാലയിലെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മാഞ്ഞൂരിലെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി പദ്ധതികൾ തയ്യാറാക്കി. സംസ്ഥാന സർക്കാർ, ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ, ജനപ്രതിനിധികൾ, ജനകീയ കൂട്ടായ്മകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് അതിർത്തിയിലൂടെ എം.വി.ഐ.പി.യുടേത് ഉൾപ്പെടെ ഏകദേശം 17 കിലോമീറ്റർ ദൂരത്തിൽ കനാലുകൾ കടന്നുപോകുന്നുണ്ട്. ഇവ ശുചീകരിക്കുന്നതിനൊപ്പം സമീപത്തെ പാതകൾ തെളിച്ച് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും രാവിലെയും വൈകിട്ടും ഒത്തുകൂടാനും സഞ്ചരിക്കാനും അനുയോജ്യമായ ഇടങ്ങളാക്കി മാറ്റും. നീരൊഴുക്ക് ക്രമപ്പെടുത്തി സുരക്ഷിതമായി കുളിക്കാനും നീന്താനും സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.
കനാലുകളും തോടുകളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് പദ്ധതി ചെലവ് കുറയ്ക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കുഴിയാഞ്ചാൽ കുളവും തോടും, മാൻവെട്ടം, മാഞ്ഞൂർ സൗത്ത് എന്നിവിടങ്ങളിലെ തോടുകളും പദ്ധതിയുടെ ഭാഗമാക്കും.
കുറുപ്പന്തറക്കടവിലെ കുളം ശുചീകരിച്ച് ആമ്പൽക്കുളവും ഹാപ്പിനസ് പാർക്കും സ്ഥാപിക്കാനും പദ്ധതിയുണ്ട്. കുറുപ്പന്തറക്കടവ്-കെ.വി. കനാൽ തോട് ആഴംകൂട്ടി ശുചീകരിക്കുന്നതോടെ ബോട്ടുകൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കാനാകും. ബോട്ടിങ്, കയാക്കിങ്, നീന്തൽ പരിശീലനം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ യാഥാർഥ്യമാകുന്നതോടെ ആവശ്യമായ പിന്തുണ നൽകാൻ വിവിധ ക്ലബ്ബുകളും സംഘടനകളും സംരംഭകരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.






