കണ്ണൂർ: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുത്തെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.
ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി രണ്ടുപേരെ ഉള്‍പ്പെടുത്തി. എം സി രാഘവൻ, എം ശ്രീധരൻ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
കെ വി സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും പുതുതായി ഉള്‍പ്പെടുത്തിയതായും വിപുലീകൃത ജില്ലാ കമ്മിറ്റി സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പാർട്ടി നടപടികളെടുക്കും. ന്യൂനപക്ഷവിഭാഗം നേരത്തേ കണ്ണൂരില്‍ ഇടതുപക്ഷത്തോട് ചേർന്നുനിന്നിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ മുസ്ലീംലീഗ് മുൻകൈയെടുത്തു.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ നുണ പ്രചരിപ്പിച്ചു. വർഗീയ പ്രചാരണങ്ങളടക്കം നടത്തി. ഇതെല്ലാം കണക്കിലെടുത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പാർട്ടി വലിയ ഇടപെടല്‍ നടത്തും.
ക്രൈസ്തവ വിഭാഗം കൂടി ഉള്‍പ്പെടുന്നതാണ് ന്യൂനപക്ഷം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പ്രവർത്തനം നടത്തും. സിപിഎം വിശ്വാസികള്‍ക്ക് എതിരാണെന്ന് പ്രചാരണം നടത്തുന്നുണ്ട്. സിപിഎം വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസത്തെയല്ല, വർഗീയതയെയാണ് പാർട്ടി എതിർക്കുന്നത്.
പയ്യന്നൂർ, തളിപ്പറമ്പ് പോലെയുള്ള സ്ഥലങ്ങളില്‍ വോട്ട് ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇവിടങ്ങളില്‍ പാർട്ടിയില്‍ നിന്നും അകന്നവരെ ചേർത്ത് നിർത്തുന്നത്തിനു വേണ്ടിയുള്ള ക്ഷമാപൂർവ്വമുള്ള ഇടപെടല്‍ നടത്തും.
മത ന്യൂനപക്ഷങ്ങളില്‍പെട്ട ഒരാളെ കണ്ണൂരില്‍ സ്ഥാനാർഥി ആക്കേണ്ടതായിരുന്നു. ആ പിഴവ് കേന്ദ്ര കമ്മിറ്റി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമർശനപരമായി വിലയിരുത്തി.






