കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വില്ലണി പ്രദേശത്തെ മിച്ചഭൂമിയിൽ അനുമതി ലഭിച്ചതിനേക്കാൾ അധികമായി മണ്ണ് ഖനനം ചെയ്തെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി.
വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച അനുമതിയുടെ പരിധി ലംഘിച്ച് മണ്ണെടുപ്പ് നടത്തിയതായി ആരോപിച്ച് പൊതുപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസർ സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.
വില്ലേജ് ഓഫീസിൽ നിന്ന് നിശ്ചിത അളവിൽ മണ്ണ് നീക്കം ചെയ്യുന്നതിനാണ് അനുമതി ലഭിച്ചിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ അനുവദിച്ച അളവിൽക്കാൾ കൂടുതലായി മണ്ണ് ഖനനം ചെയ്ത് വാഹനങ്ങളിൽ കയറ്റി സ്ഥലത്തുനിന്ന് കടത്തിയതായി പരാതിക്കാരൻ ആരോപിക്കുന്നു.
അനുമതിയേക്കാൾ അധികമായി മണ്ണെടുപ്പ് നടന്നിട്ടുണ്ടോ, മണ്ണ് എത്രത്തോളം നീക്കം ചെയ്തിട്ടുണ്ട്, ഇതിന് ആവശ്യമായ രേഖകളും അനുമതികളും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.






