തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ തീരങ്ങളില്‍ ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതല്‍ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ) എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുള്ളത്.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കള്ളക്കടല്‍ പ്രതിഭാസമുള്ളപ്പോള് യാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. അതിനാല്‍ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഹാർബറുകളില്‍ മത്സ്യബന്ധന യാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാത്തവിധം സുരക്ഷിതമായ അകലത്തില്‍ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും, ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.






