കോട്ടയം: പള്ളിക്കത്തോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കണ്ടത്തിൽ ഗ്രൂപ്പിൻ്റെ കോട്ടയം നഗരത്തിലെ 12 കെട്ടിടങ്ങളിലുമായി അനധികൃത നിർമ്മാണമുള്ളത് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം സ്ക്വയർ ഫീറ്റിലധികമാണ്. പാർക്കിംഗ് ഏരിയ കെട്ടിയടച്ചും 2 നിലയ്ക്ക് പെർമിറ്റ് എടുത്ത് നിർമ്മാണം നടത്തുകയും ഇതിൻ്റെ മറവിൽ മൂന്നും നാലും നിലകൾ കെട്ടിപ്പൊക്കുകയുമാണ് കണ്ടത്തിൽ ഗ്രൂപ്പിൻ്റെ രീതി. രണ്ട് നിലയ്ക്ക് മാത്രം പെർമിറ്റ് എടുക്കുന്നതിനാൽ കെട്ടിടം നിർമ്മിക്കുന്നതിന് ഫയർഫോഴ്സിന്റെ എൻഒസി ആവശ്യമില്ല. ഇതിൻ്റെ മറവിലാണ് മൂന്നും നാലും നിലകൾ കെട്ടിപ്പൊക്കുന്നത്.
ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് 20 വർഷമായി നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കണ്ടത്തിൽ ഗ്രൂപ്പ് സർക്കാരിനെ വെട്ടിക്കുന്നത്.
കണ്ടത്തിൽ ഗ്രൂപ്പിൻ്റെ നഗരത്തിലെ 12 കെട്ടിടങ്ങളും അളന്ന് തിരിച്ച് കൃത്യമായ നികുതി ഈടാക്കണമെന്നും നിയമവിരുദ്ധമായി പാർക്കിംഗ് ഏരിയ കെട്ടിയടച്ച് കടമുറികളാക്കി മാറ്റിയത് പൊളിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസിനും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി.
ഇതോടെ 20 വർഷത്തെ നികുതിയും മൂന്നിരട്ടി പിഴയുമായി 25 കോടിയിലധികം രൂപ കണ്ടത്തിൽ ഗ്രൂപ്പ് സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും.
രണ്ട് നില പണിയുന്നതിന് നഗരസഭയിൽ നിന്ന് പെർമിറ്റ് എടുക്കുകയും ഇതിൻ്റെ മറവിൽ ഫയർഫോഴ്സിൻ്റെ പെർമിറ്റും എൻഒസിയും ഇല്ലാതെ മൂന്നും നാലും നിലകളാണ് നിർമിക്കുന്നത്. ഫയർ സുരക്ഷ ഒരുക്കുന്നതിനാവശ്യമായ സ്ഥലം ലാഭിച്ച് അവിടെയും കെട്ടിടം നിർമ്മിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുമൂലം തീപിടുത്തമോ മറ്റ് അപകടങ്ങോളോ സംഭവിച്ചാൽ വൻ അപകടമാകും ഉണ്ടാകുന്നത്.
കൂടാതെ അനധികൃതമായി നിർമ്മിച്ച കടമുറികൾ വാടകയ്ക്ക് നൽകി കണക്കിൽപ്പെടുത്താതെ ജിഎസ്ടി വകുപ്പിനെയും വെട്ടിക്കുകയാണ്. ഇത്തരത്തിൽ ജിഎസ്ടി വകുപ്പിനെ വെട്ടിച്ചതിന് രണ്ടുവർഷം മുമ്പ് കണ്ടത്തിൽ ഗ്രൂപ്പിൻ്റെ മുഴുവൻ സ്ഥാപനങ്ങളും റെയ്ഡ് ചെയ്ത് രണ്ട് കോടിയോളം രൂപ ജിഎസ്ടി വകുപ്പ് പിഴയും ചുമത്തിയിരുന്നു..






