ഡല്ഹി: തിരംഗ മാർച്ചിന് തൊട്ടുമുമ്പ് എഐഎസ്എ പ്രസിഡന്റ് നേഹ ബോറയെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് പൊലീസ് നടപടി.
സിജെപി അദ്ധ്യക്ഷൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നേഹ ബോറയ്ക്കെതിരെയും നടപടിയുണ്ടായത്.
കൊണാട്ട് പ്ലേസിലെ സെൻട്രല് പാർക്കിലേക്കും ജന്തർ മന്ദറിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാൻ നീക്കമുണ്ടായിരുന്ന സാഹചര്യത്തില് മേഖലയില് കനത്ത പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പൊലീസ് വിലക്ക് മറികടന്ന് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് സിജെപിയുടെ നിലപാട്. പ്രതിഷേധത്തില് ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകരും ഇടത് സംഘടനകളും പങ്കുചേർന്നിട്ടുണ്ട്.
ദേശീയപതാകയേന്തിയാണ് സിജെപി പ്രവർത്തകർ മാർച്ചിനെത്തിയത്.






