ചെന്നൈ: അശ്ലീലസന്ദേശ വിവാദത്തില്‍ ആരോപണവിധേയനായ ടിവികെ എംഎല്‍എയ്ക്കെതിരേ വനിതാ കളക്ടർ പരാതി നല്‍കിയതായി സൂചന.
ടിവികെ എംഎല്‍എ അരുള്‍ വിഘ്നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നല്‍കിയതെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്നാണ് റിപ്പോർട്ട്. ഇത് ടിവികെ സർക്കാരിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
എംഎല്‍എക്കെതിരായ ആരോപണത്തില്‍ കളക്ടർ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടർ രേഖാമൂലം പരാതി നല്‍കിയെന്ന സൂചനകളും പുറത്തുവരുന്നത്.
കള്ളക്കുറിച്ചി എംഎല്‍എയായ അരുള്‍ വിഘ്നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവായ കനിമൊഴിയാണ് വിഷയം ഉന്നയിച്ചത്.
എന്നാല്‍, ടിവികെ എംഎല്‍എയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് അഭിഭാഷകനായ ആർ ത്രിശൂലി എംഎല്‍എക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, വിഷയത്തില്‍ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാകില്ലെന്നും പരാതി ലഭിച്ചില്ലെങ്കില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിഷയത്തില്‍ പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നല്‍കാനും ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നല്കി. ചീഫ് സെക്രട്ടറിയില്‍ നിന്നടക്കം വ്യക്തവരുത്താനും കോടതി നിർദേശിച്ചു.






