തിരുവനന്തപുരം: വ്യാജ സൗന്ദര്യവർധക വസ്തുക്കള്‍ക്ക് പ്രചാരണം നല്കുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും സെലിബ്രിറ്റികള്‍ക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങ അളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് അടിയന്തര നിർദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്കി.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വലിയ തുക പ്രതിഫലം നല്‍കിയാണ് തട്ടിപ്പ് കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരണം നേടിയെടുക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കർശനമായി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായ ഫെയർനെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം ഇന്നലെ പുറത്തുവന്നതോടെയാണ് സംസ്ഥാനത്ത് 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകള്‍ വീണ്ടും സജീവമാക്കാൻ തീരുമാനിച്ചത്.
ഫേസ് ക്രീമില്‍ അടങ്ങിയിരുന്ന അമിത അളവിലുള്ള മെർക്കുറി കാരണമാണ് പതിനേഴുകാരിക്ക് ശരീരത്തില്‍ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന 'മെമ്പ്രനസ് നെഫ്രോപ്പതി' എന്ന ഗുരുതര വൃക്കരോഗം ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് ക്രീമിന്റെ ഉപയോഗമാണ് രോഗകാരണമായതെന്ന് കണ്ടെത്തിയത്.
വിദഗ്ധ ചികിത്സയിലൂടെ പെണ്‍കുട്ടി നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
നേരത്തെ 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളില്‍ മെർക്കുറി ഉള്‍പ്പെടെ ശരീരത്തിന് അത്യന്തം ഹാനികരമായ രാസപദാർത്ഥങ്ങളുടെ അംശം അടങ്ങിയ നിരവധി ക്രീമുകള്‍ പിടിച്ചെടുത്തിരുന്നു. 2020-ലെ കോസ്മെറ്റിക്സ് റൂള്‍സ് പ്രകാരമുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നതെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. സൗന്ദര്യവർധക വസ്തുക്കള്‍ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും പരസ്യങ്ങളില്‍ വീണ് ആരോഗ്യം നശിപ്പിക്കരുതെന്നും മന്ത്രി കെ. മുരളീധരൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.






