തിരുവനന്തപുരം: തന്റെ പേര് പറഞ്ഞ് ചാരിറ്റി തട്ടിപ്പ് നടത്തുന്ന വ്യക്തിക്കെതിരെ അവതാരകൻ മിഥുൻ രമേശ് രംഗത്ത്.
ഇയാളുടെ വാക്കില്‍ ആരും വീഴരുതെന്നും തന്റെ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മിഥുൻ 25,000 രൂപ അയച്ചുനല്‍കി എന്നവകാശപ്പെട്ട് നബീല്‍ എന്നയാളാണ് ആളുകളെ സമീപിക്കുന്നതും മിഥുൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
സെലിബ്രിറ്റികളടക്കം ഒരുപാടു പേർക്ക് ഇയാള്‍ ഇതിനകം മെസേജ് അയച്ചിട്ടുണ്ടെന്നും തനിക്ക് നേരിട്ട് മെസേജ് ചെയ്താല്‍ നബീലിന്റെ നമ്പർ അയച്ചുതരാമെന്നും മിഥുൻ കൂട്ടിച്ചേർത്തു.
''ചാരിറ്റി ചെയ്യുന്നത് ആരെയെങ്കിലും അറിയിക്കുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട് തന്നെ ഞാൻ എന്തെങ്കിലും ചാരിറ്റി ചെയ്യുന്നത് ആരെയും അറിയിക്കാറില്ല. മറ്റുള്ളവർ അവർ ചെയ്യുന്നത് അറിയിക്കുന്നതില്‍ വലിയ സന്തോഷമേയുള്ളൂ. അവർ ചെയ്യുന്നത് മറ്റുള്ളവർക്ക് മോട്ടിവേഷൻ ആകുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ പറ്റിപ്പ് തെണ്ടികളെ വിശ്വസിക്കരുത്. നബീല്‍ എന്നൊരാള്‍ ഉണ്ട്, അവൻ ഞാൻ അവനു 25000 രൂപ അയച്ചുകൊടുത്തു എന്നുപറഞ്ഞ് നാട്ടുകാരെ മുഴുവൻ പറ്റിക്കുന്നുണ്ട്. അവന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കാൻ എന്നാണു പറയുന്നത്. വെറും ഫ്രോഡ് ആണ്, അങ്ങനെയൊരു സംഭവമേ ഇല്ല.
ഇതും പറഞ്ഞുകൊണ്ട് നമ്മുടെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് അവൻ അയയ്ക്കുന്നുണ്ട്, ഒരുപാട് സെലിബ്രിറ്റികള്‍ക്കും മെസേജ് അയച്ചിട്ടുണ്ട്. വെറും കള്ളനാണ്, വെറും ഫ്രോഡ്, നിങ്ങളാരും പണം കൊടുക്കരുത്. പണം ആവശ്യക്കാർക്ക് മാത്രമേ കൊടുക്കാവൂ. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എനിക്ക് മെസേജ് അയച്ചാല്‍ ഞാൻ മറുപടി തരാം. നബീല്‍ എന്നയാള്‍ എന്റെ പേര് പറഞ്ഞു വരികയാണെങ്കില്‍ ഒന്നും കൊടുക്കരുത്. അവന്റെ നമ്പർ വേണമെങ്കില്‍ എനിക്ക് മെസേജ് അയച്ചാല്‍ ഞാൻ തരാം. സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് ശരിയല്ലാത്തതുകൊണ്ടാണ് ഇടാത്തത്'', മിഥുൻ രമേശ് വീഡിയോയില്‍ പറഞ്ഞു.






