കൊച്ചി: കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.
ആശുപത്രിയിലുള്ളവരുടെ ചികിത്സാച്ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും പൂർണമായും സർക്കാർ വഹിക്കണം.
നഷ്ടപരിഹാരമടക്കമുള്ള തുക കരാർക്കമ്പനിയിൽനിന്ന് ഈടാക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എ.കെ. പ്രീതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടുള്ള ഹർജിയോടൊപ്പമാണ് ഹൈക്കോടതി കള്ളാടി മണ്ണിടിച്ചിൽ പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അപ്പോൾ റിപ്പോർട്ട് നൽകണം.
തിരച്ചിലിന് നേതൃത്വംനൽകാൻ മന്ത്രിമാരടക്കം സ്ഥലത്തുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. മൺസൂൺ തുടങ്ങിയതേ ഉള്ളൂവെന്നും ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ നിർദേശിച്ചു.






