കോട്ടയം : സംസ്ഥാന സർക്കാർ കാലിത്തീറ്റ സബ്സിഡി തുക വെട്ടിക്കുറച്ചതോടെ ക്ഷീര കർഷകമേഖലയെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റ വില കുതിച്ചുയരുന്നു.
മൃഗസംരക്ഷണ വകുപ്പ് സ്ഥാപനമായ കേരളഫീഡ്സ് ഉള്‍പ്പെടെ വില കൂട്ടിയതോടെ പലരും കന്നുകാലി വളർത്തല്‍ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. 1574 രൂപയായിരുന്ന കേരളഫീഡ്സ് ഡയറി റീച്ച് പ്ലസ് കാലിത്തീറ്റ വില 50 കിലോ പായ്ക്കറ്റിന് 1574 രൂപയില്‍ നിന്ന് 1644 രൂപയായി. എലൈറ്റ് കാലിത്തീറ്റ 1455 ല്‍ നിന്ന് 1540 ആയി. മിടുക്കി കാലിത്തീറ്റ 1285ല്‍ നിന്ന് 1440 ആയി ഉയർന്നു. കാലിത്തീറ്റ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലകൂട്ടിയതാണ് തിരിച്ചടിയായത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്. ഇതോടെ വില വർദ്ധിപ്പിക്കാതെ പിടിച്ചു നില്ക്കാൻ കഴിയില്ലെന്നാണ് കേരള ഫീഡ്സ് അധികൃതർ പറയുന്നത്.
ഇടതുസർക്കാർ അവസാന ബഡ്ജറ്റില്‍ വകയിരുത്തിയത് 8 കോടി
യു.ഡി.എഫ് സർക്കാർ ബഡ്ജറ്റില്‍ 7 കോടിയായി ഇത് കുറച്ചു
ചെലവ് കൂടി, വരവ് കുറഞ്ഞു
ചൂട് കൂടിയതോടെ പാല് ഉത്പാദനം കുറഞ്ഞു. ക്ഷാമം തീർക്കാൻ തമിഴ്നാട്, കർണാടക, ആഡ്ര എന്നിവിടങ്ങളില്‍ നിന്ന് പാല് കൊണ്ടുവരേണ്ട സ്ഥിതിയാണ്. 15 ലിറ്റർ കറവയുള്ള പശുവിന് പ്രതിദിനം 6 കിലോ കാലിത്തീറ്റ നല്കാൻ മാത്രം 180 രൂപയോളം ചെലവാകും. വൈക്കോല്‍, പോള തവിട്, പൊടി തവിട്, കടലപ്പിണ്ണാക്ക്, കൊപ്രപ്പിണ്ണാക്ക് എന്നിവയ്ക്കും വില വർദ്ധിച്ചു. പരിപാലനച്ചെലവ് കഴിഞ്ഞാല്‍ ലാഭമില്ലെന്ന് കർഷകർ പറയുന്നു.
പാല്‍വില വർദ്ധിപ്പിച്ചതുകൊണ്ട്മാത്രം ക്ഷീര കർഷകർക്കു നേട്ടമില്ല. സബ്സിഡി നിരക്കില്‍ കാലിത്തീറ്റ ലഭ്യമാക്കണം, കേരളഫീഡ്സ് കാലിത്തീറ്റ അടിയന്തരമായി കുറച്ചാലേ സ്വകാര്യ സ്ഥാപനങ്ങളും വില കുറയ്ക്കൂ.






