ഡല്‍ഹി: നിർമാതാക്കള്‍ വ്യാപാരിക്ക് 2,700 രൂപയ്ക്ക് നല്കുന്ന അർബുദമരുന്ന് 27,000 രൂപയ്ക്ക് വില്‍ക്കുന്നത് രോഗികളെ പിടിച്ചുപറിക്കലല്ലെങ്കില് പിന്നെയെന്താണെന്ന് സുപ്രീംകോടതി.
ആളുകള്‍ക്ക് മരുന്ന് വാങ്ങാൻ വീടും ആഭരണങ്ങളും വില്‍ക്കേണ്ട അവസ്ഥയാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അധികാരികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഹർജിയിലെ വാദങ്ങള്‍
മരുന്ന് വില നിയന്ത്രിക്കല്‍, ജനറിക് മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത, മരുന്ന് കുറിക്കല്‍ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഡോ. സഞ്ജയ് കുലക്ഷേത്ര, കിഷൻ ചന്ദ് ജെയിൻ എന്നിവർ നല്കിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. മരുന്നിൻ്റെ ആദ്യവില നിശ്ചയിക്കുന്നതിന് യാതൊരു നിയന്ത്രണ സംവിധാനവുമില്ലെന്നതാണ് മുഖ്യപ്രശ്നമെന്ന് ഹർജിക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങള്‍ അപര്യാപ്തം
ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട 1000-ത്തോളം മരുന്നുകളുടെ പരമാവധി വില മാത്രമാണ് 2013-ലെ മരുന്ന് വില നിയന്ത്രണ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പട്ടികയിലില്ലാത്ത മരുന്നുകളുടെ ആദ്യവില എന്തായിരിക്കണമെന്നത് നിർമാതാക്കളാണ് തീരുമാനിക്കുക. അവർക്ക് വേണമെങ്കില്‍ ഒരു രൂപയോ 1000 രൂപയോ നിശ്ചയിക്കാം. രാജ്യത്തെ മരുന്നുകളുടെ 82 ശതമാനവും ഈ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതല്ലെന്നും ഹർജിക്കാർ വ്യക്തമാക്കി.
ലാഭമെടുക്കുന്നത് ചില്ലറ വില്‍പ്പനക്കാർ
രാജ്യത്ത് 60,000 മരുന്ന് ബ്രാൻഡുകളുണ്ട്. ഇതില്‍ 5,000-ല്‍ താഴെ ബ്രാൻഡുകള്‍ മാത്രമാണ് വില നിയന്ത്രണത്തില്‍ വരുന്നത്. ഇത് ചില്ലറ വില്‍പ്പനക്കാർക്ക് വലിയ ലാഭമെടുക്കാൻ അവസരം നല്കുന്നു. വിവിധ മരുന്നുകള്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്ന വിലയും അവയുടെ എംആർപിയും ഉദാഹരിച്ചുകൊണ്ടാണ് ഹർജിക്കാർ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കേസില്‍ ചൊവ്വാഴ്ച (സെപ്റ്റംബർ 29) തുടർവാദം കേള്‍ക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.






